വാഴ്വേ മായം

Showing posts with label poetry. Show all posts
Showing posts with label poetry. Show all posts

അരക്ഷിതാവസ്ഥയുടെ ടൈംലൈന്‍



നിര്‍വികാരമായ ഭ്രാന്തുകളെക്കുറിച്ചധികം 
വായിച്ചിട്ടില്ല ല്ലേ ? 
അവരുടെയിടങ്ങളില്‍ അക്ഷരങ്ങള്‍ക്കത്ര 
തെളിച്ചമില്ല , മുറിവേറ്റമൃഗത്തിന്‍റെ ചോര 
കണ്പീലിയിലൊട്ടി ഉറക്കമുണരുമ്പോളരിച്ചിറങ്ങുന്ന 
പ്രകാശത്തിന്‍റെ കനപ്പെട്ട 
ചലനമാണേപ്പോഴുമവരുടെ ചുറ്റുവട്ടങ്ങള്‍ക്ക് 
മറവിയിലകപ്പെട്ട പരേതരെപ്പോലെ 
ചിതറിപ്പോയ തുരുത്തുകളുടെ 
അകന്നുകിടപ്പുകളിലാണവരുടെ 
ബോധത്തിന്‍റെ കഴുക്കോലുകള്‍ 
നിരതെറ്റിയ കല്ലുകള്‍ക്കു 
മീതെയടര്‍ന്നിരുന്ന് ആഴത്തിന്റെ പച്ചയിലേക്ക് 
നോട്ടമഴിച്ചു വിട്ട് കാഴ്ചയ്ക്കു പുറത്ത് 
മറ്റൊരു വഴിയില്‍ ബോധത്തിന്‍റെ 
ചപ്പുകള്‍ക്കിടയിലൂടെ ചെരുപ്പില്ലാതെ 
വട്ടവും നീളവും നടന്ന് ചിന്തകളുടെ 
സഞ്ചാരസാധ്യതകളില്‍ നിന്ന് പുറത്തുകടക്കാന്‍ 
പിടയുകയാണവരുടെ സമയദിശ. 
മര്‍ദ്ദമലക്കിയിടുന്ന അന്തരീക്ഷത്തിന്‍റെ 
ഉടുപ്പുകള്‍ പോലെ ചുമരില്‍ 
മങ്ങിയും മാറിയുമിഴയുന്ന നരച്ചവെട്ടത്തിന്‍റെ 
ത്രിമാനതിണര്‍പ്പുകള്‍ക്ക് പിടികൊടുത്ത് 
ഓരോ തരികള്‍ക്കിടയിലും 
ഓര്‍മ്മയുടെ വേരുകള്‍ വളര്‍ത്തുകയാണ് 
ഞരമ്പനക്കങ്ങളില്‍ ഒപ്പിട്ടാഴുന്ന സൂചിമുനയുടെ കമ്പനം. 
വിക്കന്റെ നാക്കിനും വാക്കിനുമിടയില്‍ 
പൂട്ടിയിടപ്പെടുന്ന ശബ്ദങ്ങളുടെ 
പെരുക്കം പോലെ തലച്ചോറിന്റെ 
മുറിയില്‍ വിടവുകളെല്ലാമടച്ചിട്ട്‌ 
ചുഴലിക്കാറ്റിന്റെ ഭൂപടത്തിലെന്നപോല്‍ 
ആര്‍ത്തലച്ചു കുതറുകയാവുമെപ്പോഴും 
വിഷാദത്തിന്‍റെ നിലച്ചസംഗീതങ്ങള്‍ 
ഏതെങ്കിലും നേരത്തെടുത്തു കളയുന്ന 
തണുത്തു വിറങ്ങലിച്ച ചായപ്പാട , 
ഉറുമ്പുകളുടെ വേഗതയ്ക്കിടയില്‍ 
ജനലിനിടയിലരഞ്ഞ പല്ലിയുടെയളിഞ്ഞ ജഡം , 
തുടയിലെ രോമകുടുക്കുകള്‍ക്കപ്പുറം 
ചീര്‍ത്തവയറുമായി ഭിത്തിയിലടിഞ്ഞിരിക്കുന്ന കൊതുകുകള്‍, 
ഉറക്കത്തിന്‍റെ മണമില്ലാത്ത 
ഒരേ നിലയിലുലഞ്ഞു കിടക്കുന്ന ബെഡ്ഷീറ്റ് 
ശരീരത്തിന്‍റെ ആവരണം പോലെ 
മുറിവുകളെയെല്ലാം ചവിട്ടിയൊതുക്കിയൊരു 
കുമിളക്കുള്ളിലാക്കി 'ഒറ്റപ്പെട്ട ഒറ്റുകാരനെപോലെ മുറി'യെന്ന 
ഒറ്റവരിയിലൊതുക്കാനാവില്ലേ ഇവയെല്ലാം ? 
പൊട്ടിയ കണ്ണാടിയില്‍ നിന്ന് മുഖത്തിന്‍റെ 
ചീളുകള്‍ അടര്‍ത്തിയെടുക്കുമ്പോലെ 
ദിനാന്ത്യചിത്രങ്ങളുടെ കോശങ്ങള്‍ 
ചാഞ്ഞ കൊല്ലിയുടെ നെറ്റിയിലാഞ്ഞു നിന്ന് 
താഴ്ചയുടെ നിഗൂഢതയിലേക്കെറിഞ്ഞ്‌ 
അരക്ഷിതമായ എക്കൊകള്‍ 
തിരച്ചടിക്കുന്നതും കാത്ത് രക്തത്തിന്‍റെ വരമ്പുകളില്‍ 
കാതുവെച്ചു കിടക്കുകയാവും ഇരുളുകളില്‍ നിന്നുള്ള 
പകലിന്‍റെ ജലച്ചായങ്ങള്‍ 
ഒരുപക്ഷെ നിങ്ങള്‍ക്കിത് 
വായിച്ചാലൊന്നും മനസ്സിലാകണമെന്നില്ല. 
തിരിച്ചറിയാനൊക്കുന്നവര്‍ മറ്റാര്‍ക്കും / മറ്റൊന്നിനും 
കേറി ചെല്ലാനൊക്കാത്ത ഭ്രാന്തുകളുടെ വക്കുകളില്‍ 
സ്വയം കൂട്ടിരിക്കുകയുമാണ്‌ 
കണ്ണാടിയുടെ ദൈന്യത പോലെ 
മറ്റൊന്നിനുമവിടെക്ക് പ്രതിഫലിക്കാനുമാവില്ല.

ഒഴുക്കിനുകീഴെ


അനക്കമില്ലാത്ത ആറ്റിലേക്കാഞ്ഞെത്തി
ഒരു കവിള്‍വെള്ളം കുടിച്ചെടുത്ത്
അതിനുള്ളില്‍ മുങ്ങി കിടക്കുന്ന
കാക്കയുടെ നാവുപോലെ ഓര്‍ക്കാപ്പുറത്ത്
മറവിയില്‍ കിണര്‍കുത്തി
അതിലേക്കേന്തി നോക്കി
ആഴത്തിന്റെ തിരിച്ചടിയില്‍ ചിലപ്പോള്‍
 ചിരിക്കുകയും , കരയുകയും ചെയ്യുന്ന
ബഹുഭൂരിപക്ഷത്തിന്‍റെ നീളന്‍ഒപ്പിലെ
അവസാനത്തെ കുനിപ്പാവുന്നു ഞാന്‍


ഇന്നെന്തൊക്കെ ചെയ്യണമെന്നാണ്
 ഇന്നലെയുറപ്പിച്ചെന്നോര്‍ത്തുണരുകയും ,
പകല് ചെയ്തതിന്റെയൊക്കെ
മണവും രുചിയുമാലോചിച്ചുറങ്ങുന്നവരുമുണ്ട്

രാത്രിസഞ്ചാരിയുടെ മുഖത്തേക്കടിക്കുന്ന
വെളിച്ചം പോലെ ഓര്‍മ്മിക്കലും ആസൂത്രണവും
ചരിഞ്ഞും നിവര്‍ന്നുമവര്‍ക്കിടയിലൂടെ കടന്നുപോവും

എങ്കിലുമിന്നെന്ന തിരിവില്‍ നിന്നവരുടെ
ടയറുകള്‍ തിരിച്ചുകേറുന്നേയില്ല
പകലുകളില്‍ നിന്ന് പാലം പണിയാതെ
 രാത്രിയിലേക്ക് കുടിയേറുന്നവരുടെ
വാഹനങ്ങളിലെ നീളന്‍പോറലാണ് ഞാന്‍

കാലം വാച്ചിനൊപ്പമാണ് നടക്കാനിറങ്ങുന്നതെന്നും,
മരണമടുത്ത വീടുവരെ വന്നു തിരിച്ചു പൊക്കോളുമെന്നും,
ലോകമീ അടഞ്ഞമുറിയും , അധികാരമടുക്കിവെച്ചിരിക്കുന്ന
നോട്ടുകെട്ടുകളുമാണെന്നും തിരിഞ്ഞുനോക്കാതെ
വിശ്വസിച്ച് സമര്‍പ്പിക്കുന്നവരുണ്ട്

കണ്ടെത്തല്‍ മരവിച്ചൊരു വഴിയാണവരുടെത്
ഞാന്‍ ഞാനെന്നു മാത്രം കേട്ടാണവുടുത്തെ
കുട്ടികള്‍ മുല കുടിക്കുന്നത്

താത്കാലികതയെന്ന കാവല്‍ക്കാരന്‍
വലിച്ചടച്ചിട്ട ആ ഇടുങ്ങിയ വഴിയുടെ
പൂട്ടിലെ തുരുമ്പാണ് ഞാന്‍

ഉറങ്ങിയുമുണര്‍ന്നും
തിന്നും വളര്‍ന്നും
പ്രണയിച്ചും പ്രാപിച്ചും
പഠിച്ചും പണിയെടുത്തും
കെട്ടിയും പോറ്റിയും
അടങ്ങിയുമടര്‍ന്നും
അങ്ങനെയങ്ങനെ കവിഞ്ഞുപോവാതെ
കുഴിച്ചിട്ടിരിക്കുന്ന സമവാക്യങ്ങളുടെ
ആവര്‍ത്തനത്തിലകപ്പെട്ടു പോയൊരു ജനതയുണ്ട്.

വിരസതയെന്നൊരു വാക്കിനെ
പറ്റിയവര്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ല

ഒരു നിമിഷത്തേയും തടഞ്ഞുവെക്കാതെ
ആത്മകഥകള്‍ പൂര്‍ത്തിയാക്കാനിറങ്ങിയവരുടെ
വ്യര്‍ത്ഥതകളിലെ തിരക്കാണ് ഞാന്‍
അഥവാ ഈ നിമിഷത്തിനപ്പുറത്തേക്ക്
വളരുന്ന തിരക്കുകളൊന്നുമെന്റെയല്ല.

മുറി(വു)കള്‍


മുറിയൊരു നാട്ടുരാജ്യമാണ് ,
പലരെ പോലെ ഉറങ്ങുകയും ഉണരുകയും
ചെയ്യുന്ന ഒരേ നിഴലിന്റെ ജനാധിപത്യമാണത്.

ഏകാന്തവും തീവ്രവുമായ ഭരണഘടന
യാതൊരു ഭേദഗതിക്കും വഴങ്ങാതെ
സദാവിഷാദത്തിന്‍റെ അതിര്‍ത്തികളിലൊരു
പട്ടാളക്കാരനെ പോലെ നിലയുറപ്പിച്ചിട്ടുണ്ട് .

ആരവങ്ങളുടെ അയല്‍രാജ്യങ്ങള്‍
അസംബന്ധങ്ങളുടെ പടക്കളമാണ്.

മുറിവില്‍ കുഴി കുത്തി
വേദന ഖനനം ചെയ്യുന്ന മന്ത്രിമാര്‍

ഇല്ലായ്മകളെ വാഴ്ത്തിസന്തോഷത്തെ
തൂക്കി കൊല്ലുന്ന ആരാച്ചാര്‍

കണ്ടു പിരിഞ്ഞ മുഖങ്ങളുടെ
കള്ളത്തരങ്ങളെക്കുറിച്ച് പാടുന്ന പാട്ടുകാര്‍

സ്വയം കുത്തി മരിച്ച വിദൂഷകന്‍

കണ്ണാടിയ്ക്ക് മുന്നിലൊരു നെറികെട്ട
ശത്രുവിനെ സൃഷ്ടിച്ച് സേനാനായകന്‍

മറ്റൊരാള്‍ക്കും നുഴഞ്ഞു കേറാനാവാത്ത വിധം
സുരക്ഷയേര്‍പ്പെടുത്തി അസ്വസ്ഥതകളുടെ
ആവാസവ്യവസ്ഥയില്‍ നിലച്ചു കറങ്ങുന്ന
ഫാനിനഭിമുഖം ഉന്മാദവും ബോധവും
തമ്മിലുള്ള വിഭജനത്തിനു
കാത്തുകിടക്കുകയാണ് ഒറ്റയുടല്‍ ജനത

രണ്ടുപേര്‍ക്ക് മാത്രം മനസ്സിലാവുന്ന ചിലത്



ലോകത്തിന്‍റെ സ്പന്ദനമൊന്നുമല്ല
എനിക്കും നിനക്കുമെന്നിടയ്ക്കിടയ്ക്കു
പറയാറുള്ളതുപോലെ മറ്റുള്ളവരുടെ
സമവാക്യങ്ങളില്‍ നിന്ന് നമ്മുടെ ദിവസങ്ങളെയെല്ലാം 

ഇളക്കിയെടുത്തൊരു കലണ്ടറുണ്ടാക്കണം 

ആനന്ദത്തിന്‍റെയും വിഷാദത്തിന്‍റെയും
ചുറ്റിത്തിരിയലുകളില്‍ ഋതുക്കളെ
പകുത്ത് മാസങ്ങളുടെ മേശവലിപ്പിലേക്കിടണം

തുടര്‍ച്ചകളിലെ നീയും ഞാനുമെന്ന
കളങ്ങളുടെ ആവര്‍ത്തനങ്ങളിലേക്ക്
അലഞ്ഞു തീര്‍ക്കേണ്ട ഗ്രാമങ്ങളെയും ,
വായിച്ചു തിമിര്‍ക്കേണ്ട പുസ്തകങ്ങളെയും
ഒരേ നിരയിലടുക്കി ഓരോ കളത്തില്‍
നിന്നുമോരോ വര്‍ഷം തുടങ്ങാമെന്ന
നിലയില്‍ കോര്‍ത്തുപിടിക്കണം

നിനക്കിഷ്ടപ്പെട്ട മലമടുക്കുകളുടെ
പേരിട്ട് മാസങ്ങളെ മേയാന്‍ വിടണം
എനിക്കിഷ്ടപ്പെട്ട പെണ്‍കുട്ടികളുടെ
പേരിട്ട് ദിവസങ്ങളെയേമോമനിക്കണം

വെളിച്ചത്തിന്റെ ഇടവഴികളില്‍ നിന്ന്
രാത്രിയേയും പകലിനേയും ഊരിയെടുത്ത്
സമയത്തെയതിന്റെ പാട്ടിനുവിട്ട്
ഉറക്കത്തിനുമുണര്‍വിനുമിടയിലെ
ഭ്രമണങ്ങളില്‍ ദിനാന്ത്യങ്ങളെ കെട്ടിയിടണം

ആകസ്മികതകളുടെ ജനാലകളില്‍
ചാരിയിരുന്ന് ഒന്നിചുച്ചരിക്കുന്ന
വാക്കുകളുടെ വിടവില്‍ മണിക്കൂറുകളെ പിടിച്ചിരുത്തണം

മിനുട്ടുസൂചിയുടെ നടവഴി ഓര്‍മ്മകളിലേക്ക്
ചൂണ്ടപ്പെടുന്ന വിരലുകളിലായിരിക്കട്ടെ

എത്ര നോട്ടങ്ങളിലന്യോന്യം
ഉമ്മ വെക്കാതിരിക്കാനാവുമെന്നുള്ള
ദൈര്‍ഖ്യം കൊണ്ടളന്നെടുക്കട്ടെ സെക്കന്റുകളെ

പാതിയുറക്കത്തില്‍ പിന്നേയും
പുതച്ചുമൂടി വെറുതെ കെട്ടിപിടിച്ചു കിടക്കാന്‍
തോന്നുന്ന ദിവസങ്ങളെല്ലാം അവധിദിവസങ്ങളാക്കി
ഓരോ അമാവാസിയിലും നിന്‍റെ പിറന്നാളാഘോഷിച്ച്
നീ നീയെന്ന സ്വാര്‍ത്ഥതയില്‍
വര്‍ഷാവാസനങ്ങളുടെ ഇടമുറിയട്ടെ

രണ്ടുപേര്‍ക്കിടയില്‍ മാത്രം വിളവെടുക്കാന്‍
പാട്ടത്തിനെടുത്തൊരു കൊച്ചുദ്വീപായി
ഘടികാരസങ്കേതങ്ങളിലടിഞ്ഞു കിടക്കട്ടെ
സമയസഞ്ചാരങ്ങളുടെ അട്ടിമറിയിലുടക്കിയുടക്കി
ചുറ്റിത്തിരിയുന്ന രണ്ടുസൂചികളായി നമുക്കൊളിച്ചു താമസിക്കാം

എല്ലാ അതിര്‍ത്തികള്‍ക്കും ഒരേ ഗന്ധം
എന്റെതെന്നോ നിന്റെതെന്നോ പിരിച്ചെടുക്കാനാവാത്ത
ഇരുട്ടിന്‍റെ അയകളിലൊക്കെയും പകലെന്ന നിശാവസ്ത്രം

അപരകാന്തി


ബോധത്തില്‍ നിന്ന് ഭ്രാന്തിലേക്ക്
കള്ളവണ്ടി കേറുന്നയുന്മാദത്തില്‍
പ്രക്ഷേപണത്തിലില്ലാത്ത പാട്ടും
കേട്ടിറങ്ങി നടക്കുമ്പോള്‍
നട്ടുച്ചയ്ക്ക് വിള്ളലുള്ള പാലം
ഇരുണ്ട വിടവിലൂടെ
താഴെയകാശം കാണിച്ചു തരുന്നു.

കടവില്‍ ചെല്ലുമ്പോള്‍
പൊട്ടിയ സോപ്പുപ്പെട്ടിയുമായി
ആഴം നോക്കിയിരിക്കുന്നുണ്ടൊരുത്തന്‍



ഒഴുക്കില്‍ ഉടുപ്പുകള്‍
വെച്ചുമാറി
പായല്‍പച്ചയില്‍ ചായത്തരികള്‍ 
പോലെ കുടഞ്ഞുകയറി
വഴക്കത്തില്‍ ഉടലുകള്‍ പിണച്ച്
മേലെയാകാശത്തെ കൊള്ളിമീന്‍ 
തിണര്‍പ്പും നോക്കി
പരസ്പരം കൊത്തിവലിച്ച്
ഒരേ ചൂണ്ടയിലേക്ക് വലിഞ്ഞുതാഴുകയാണ്‌
വിലാസം മറന്ന രണ്ട് ഭാരശരീരങ്ങള്‍

കിണറിനഭിമുഖം




ഞാന്‍ മരിച്ചു പോകുമെന്ന് നീ പറഞ്ഞ ദിവസം
നിലാവിന്റെ കഫവും മണത്ത്
കല്ലുകളുടെ വഴുക്കലില്‍
തവളകളുടെ കൂര്‍ക്കംവലിക്ക്
ചെവി വെച്ച്
വന്നു വീഴേണ്ട ഭാരവും കാത്തുകിടക്കുമ്പോള്‍
നീലനക്ഷത്രം കാഷ്ഠിച്ച ആസക്തി
തണുത്തൊരു സ്വയംഭോഗത്തിലേക്ക് തൊട്ടി താഴ്ത്തുന്നു

ചത്തുപൊങ്ങിയ മീങ്കുഞ്ഞുങ്ങളുടെ മേല്‍ ഉറവയുടെ ഉയിര്‍പ്പ്
മണല്‍ഘടികാരം തിരിച്ചുവെക്കുമ്പോലെ
വന്നവഴി കീഴ്മേല്‍മറിയുന്നു
കളഞ്ഞുപോയ തൃഷ്ണയില്‍
ആഴത്തിലേക്ക് തിരിച്ചുനീന്തി

 നീ കൊല്ലപ്പെടുമെന്നെഴുതേണ്ട
നിമിഷത്തിന്‍റെയോര്‍മ്മയില്‍
കെട്ടുപോയ ഇരുട്ടിന്‍റെ കുടയല്‍പോലടിച്ചു കേറുന്നു

ആ രാത്രിയ്ക്കും വാതിലുണ്ടാരുന്നില്ല
പിടിച്ചു കേറാനൊരു പൊത്തുപോലും

പാപ്പിലോ കാഫ്ക



കൈത്തണ്ടയില്‍ മുഖം വെച്ച് കാറ്റിന്റെ
ഇരയനക്കം കേട്ടുകിടക്കുമ്പോള്‍
നേരമേറെയായെന്നു ആകുലതപ്പെട്ട്
തെരുവിലേക്ക് ഇറങ്ങിപോവുന്നൊരു കൂട്ടുകാരിയുണ്ട്

അവള്‍ നില്‍ക്കുമ്പോള്‍ ഞാനടിച്ചു വിട്ട
രോമപന്ത് പ്രേമത്തിലെക്കോ കാമത്തിലെക്കോ
ഇടപെടാതെ പേരില്ലാത്ത ഇടങ്ങളില്‍ കളിച്ചുമടുക്കുന്നു

അവളിറങ്ങുമ്പോള്‍ പുഴുങ്ങിയ മുട്ടയുടെ
ഗന്ധമുണ്ടായിരുന്ന മുറി
സിഗരറ്റ്മണത്തിലേക്ക് വഴിതെറ്റുന്നു

മറന്നുവെന്നവള്‍ കളവുപറഞ്ഞ
മരുന്നുചീട്ടുകളെ ജനാലയിലെ
കടലിലേക്കിട്ടു വെള്ളം കുടിച്ചു

മഞ്ഞ്കാലത്തില്‍ നിന്നടര്‍ത്തിയെടുക്കാനാവാത്ത
ഏകാന്തതയെ ഏലചായയിലാറ്റുമ്പോള്‍
സമയത്തെ പഴിചാരിയുള്ള
നിന്റെയിറങ്ങിപ്പോക്കൊര്‍ത്ത് ചിരിച്ചു

മുഴുവിക്കും മുന്നേ തീര്‍ന്നുപോവുന്ന
വെളുപ്പാന്‍കാലങ്ങളെ കണ്ണിറുക്കിയടച്ച്‌
പിടിച്ചുവെക്കാന്‍ നോക്കുന്നവരെപ്പോലെ
നിന്‍റെ ഹൃസ്വമൗനങ്ങളില്‍ നിരന്തരം
നൂഴ്ന്നിറങ്ങാന്‍ ശ്രമിച്ച്
പരാജയപ്പെടുന്ന കില്ലപ്പട്ടിയാകുമ്പോഴും
തിണര്‍ത്തകവിളുകള്‍ ഉയര്‍ന്നുതന്നെയിരുന്നു.

അപ്പോള്‍ മാത്രം ,
കടലിന്‍റെ കുഴിനഖമെന്നു നീ പറയാറുള്ള
എന്റെ അക്വേറിയത്തിലെ അഴുകിയ
ഗുഹാമുഖങ്ങളില്‍ ഉപ്പുരുമിപാഞ്ഞിരുന്ന
ചിതമ്പലുകളെ ഓര്‍മ്മയിലേക്കെടുത്ത് വെക്കാം,
കനമുള്ള പിടച്ചിലുകളറിഞ്ഞു
ദൂരേയ്ക്ക് നോക്കിയിരിക്കാം

മാര്‍ക്ക്ബോലന്റെ അന്ത്യം പോലുള്ള
നിന്‍റെ ചിരി ചാപ്പ്മാന്റെ ചെവിയ്ക്ക് താഴെ
ചെന്നുനില്‍ക്കുമ്പോള്‍ അത്രമേല്‍
ദുര്‍ബലനായൊരു ലെവിയാഥനായി
നിഴലെന്നെ കോര്‍ത്തിടുന്നു

ഉഭയകാലത്തെക്കാളും ഉന്മാദസാധ്യതയുള്ള
മറ്റൊന്നുമില്ലെന്നു നീ പറയുമ്പോഴെല്ലാം
പിന്‍കഴുത്തിലെ അപരിചിതഭാഷയില്‍
തിരക്കിട്ട് ഗവേഷണം നടത്തുന്ന
വിദ്യാര്‍ത്ഥിയായിരുന്നില്ലേ ഞാന്‍

അറിയാവാക്കുകളെ വശീകരിച്ചും
രഹസ്യങ്ങളിലേക്ക് ചൂണ്ടയിട്ടും
നിഗൂഢമായൊരു മന്ദഹാസത്തെ
നെയ്ത്തെടുത്ത് മച്ചിലെ
വിയര്‍പ്പ്പാടയിലെക്ക് വിരിച്ചിട്ട്
ഉറക്കത്തിലുമുണര്‍വിലുമെല്ലാം
രുചി നോക്കി അകാരണങ്ങളില്‍
ഒറ്റയാവുമായിരുന്ന പട്ടി

നിന്‍റെ വിടവ് കാറ്റെടുത്ത കാടായും ,
അസാന്നിദ്ധ്യം മുങ്ങിചത്ത മുയല്‍ക്കുഞ്ഞായും
അടിയൊഴുക്കിലായിരിക്കുമ്പോള്‍
അഴിഞ്ഞുപോയയെന്റെ നിലവിളി
കൂറ്റന്‍വന്യതയുടെ ഒറ്റപ്പൊത്തില്‍
മാത്രം എക്കോ പെടുന്നു.

നിന്‍റെ പേരുള്ള എന്റെ വിഷാദം
ഭ്രാന്തില്‍ ആത്മഹത്യയ്ക്കിറങ്ങി
ദാരൂണമായി പിന്‍വാങ്ങുമ്പോഴും
പുഴക്കരയിലെ എന്‍റെ കില്ലപ്പട്ടി ഒറ്റയ്ക്കുതന്ന.

(തെ/ചെ)രുവ്


ഇത് പരാജയപ്പെട്ടവരുടെ തെരുവാണ്
ഞാനിപ്പോള്‍ ഇട്ടുനിക്കുന്ന
കാലുകള്‍ പോലും പ്രണയത്തില്‍
തോറ്റ്പോയൊരു കവിയുടെതാണ്

അയാള്‍ ആര്‍ക്കോ വേണ്ടി മുറിച്ചുകളഞ്ഞതാണ്
സ്നേഹം കാണുന്നിടത്തേക്കെല്ലാം
ഇതെന്നെ വലിച്ചുകൊണ്ടുപോകുന്നു. 
കുടിച്ചിട്ടും കുടിച്ചിട്ടും മതിവരാത്തവനെ
പോലെ അവസാനതുള്ളി സ്നേഹത്തിനായും
എന്നെ കാത്തുനിര്‍ത്തുന്നു

കുടിച്ചത് വിഷമെന്നറിയുമ്പോഴും
ചിരിച്ചുകൊണ്ട് താങ്ങുന്നു.
അതേയിത് പരാജയപ്പെട്ടവരുടെ തെരുവാണ്
സ്നേഹത്താല്‍ നിറയൊഴിക്കപ്പെട്ടവരുടെ തെരുവാണ്

....

നാടുവിട്ട്‌ പോയ നല്ല കാലങ്ങളെയോര്‍ക്കാതെ
ആരും കയറി വരാനിടയില്ലാത്ത മനസ്സുമായി
ഒഴിഞ്ഞ ജനാലയ്ക്കലിരുന്ന്
കൊഴിഞ്ഞു പോയവരെയും , തളിര്‍ത്തുനില്‍ക്കുന്നവരെയും
ഗൗനിക്കാതെ കണ്ടുമുട്ടാത്തവരെ തോളത്തിരുത്തി
മുറിഞ്ഞ വിരലുകള്‍ കൊണ്ട് അക്കരയ്ക്ക് നീന്തിയിട്ടുണ്ടോ ?

നാലുചുറ്റിനും ജീവിതമിട്ട് തന്ന ഇരകളിലൊന്നില്‍
കൊത്തി ചെകിളയിലെ മുറിവിന്റെ കോരിത്തരിപ്പില്‍
പിടഞ്ഞു മുറുകി വേദനയുടെ ആഴങ്ങളിലേക്ക് സ്വയം
വലിഞ്ഞു താന്നിട്ടുണ്ടോ ?

മഷി പടര്‍പ്പില്‍ വേട്ടയവസാനിപ്പിച്ച് ആകുലതയതിന്റെ
പാട്ടിനു പോവുമ്പോള്‍ പിടച്ചിലിന്റെയിരട്ടി
സുരഭിലതയിലാനന്ദപ്പെട്ടിട്ടുണ്ടോ ?

അങ്ങനെയെങ്കില്‍ നിങ്ങളൊരു കവിതയല്ലതാവുന്നതെങ്ങനെയാണ് ?

കണ്ടുമുട്ടാത്ത ശബ്ദങ്ങള്‍



ആകാശത്തെ ഏകകോശമെന്നഴകുള്ള
മുറിയിലിരുന്ന് 'ദേജാവൂ' എന്ന് ടൈപ്പ് ചെയ്യവേ 
ആരോ കാത്തിരിപ്പുണ്ടെന്ന തോന്നലുടുപ്പിട്ട് വരുന്നു

പൊട്ടിയ ബട്ടന്‍സുകളില്‍ നിന്ന് ഉറുമ്പുകളെ കുടഞ്ഞു കളഞ്ഞയാള്‍
വാതില്‍ ചിമ്മിയടയ്ക്കുന്നു - ഇറങ്ങി പോരുന്നു.

യാത്ര.

അരുവിയ്ക്കു മീതെ ഒടിഞ്ഞ ചില്ലയില്‍ കാലിളയ്ക്കിയിരിക്കെ 
കേക്കാനൊരു സാധ്യതയുമില്ലാഞ്ഞിട്ടും
saudade എന്ന വാക്ക് മറ്റൊരാള്‍ കേള്‍ക്കുന്നു.


തണുപ്പ് മടക്കി നനവുകളെയെല്ലാം തൂത്തെടുത്ത് 
കൊക്കയില്‍ നിന്നയാളും കേറി പോരുന്നു.

യാത്ര.

ഉടുപ്പിലെ നനവ് ദൂരത്തെ
അടിച്ചമര്‍ത്തുന്ന വേഗതയുടെ കയ്യൊപ്പുകളാണ് ,
വാറ്റിയ കോടയ്ക്കൊപ്പം നിലാവിനെ 
തൊട്ടുനക്കി രാത്രിയുടെ അടങ്ങിയിരിപ്പ് .

ഉറക്കത്തിനു തൊട്ടുമുന്‍പ്
അന്തരീക്ഷത്തിലൊരു ദ്വീപു പോലെ
നിശബ്ദതയാലും , ശൂന്യതയാലും കനപ്പെട്ട്
ലോകത്തിനകത്തു നിന്ന് ചവിട്ടി പുറത്തിടും പോലെ
ശരീരത്തിനു ചുറ്റുമൊരു വലയമുരുണ്ട് കൂടാറുണ്ട്

കണ്ണോരോ തവണയടയാനായുമ്പോഴും
കാത്തിരിക്കുന്നയാളിലേക്ക് നീട്ടിയെറിയപ്പെടുകയാണ്
ശ്രദ്ധയുടെ ചൂണ്ട.

വീര്‍ത്ത കണ്‍പോളകള്‍ തുടരെ തുറന്നുവെക്കാന്‍
ശ്രമിച്ച് കാത്തിരിക്കുന്നയാളെത്തുന്നതിനു
തൊട്ടുപിന്‍പുള്ള നിമിഷത്തില്‍ ഇരുവരും ഉറങ്ങി പോവുന്നു

ആകെയുള്ള ചില്ലറത്തുട്ടിനു എത്താവുന്നിടത്തേക്ക്
ടിക്കറ്റെടുത്ത് കാത്തിരുന്നയാള്‍ ഉറക്കത്തിനു കൂട്ടിരിയ്ക്കുന്നു.

ഉണര്‍ത്താനുള്ള അടുപ്പമില്ലെന്ന
ബോധത്തില്‍ മുടിയിഴകള്‍ക്കിടയില്‍
വെച്ചുമാറുന്ന ഒരു കീറ് വെളിച്ചത്തില്‍ നോക്കിയിരുന്നു

ഒടുവിലിറങ്ങേണ്ട തിരിവിലിറങ്ങി വിരലകലത്തിനപ്പുറത്ത്
നിന്ന് വലിഞ്ഞുകേറി വന്ന വിഷാദത്തിനു
കൈകൊടുക്കേ ഇരുട്ടിന്‍റെ
വണ്ടി അയാളെയിടിച്ചു മലര്‍ത്തി കടന്നുപോവുന്നു

കാത്തിരുന്നയാള്‍ ഇറങ്ങി പോയതിനു തൊട്ടടുത്ത നിമിഷമയാള്‍
കണ്ണു തുറക്കുമ്പോഴുള്ള വിജനത
ജീവിതത്തിന്‍റെ തന്നെ വിടവായി 
കഴുത്തിനു കുത്തിപിടിക്കുന്നു

കാത്തിരിപ്പിന്റെയപരാതയ്ക്കു
അതിര്‍ത്തികളുടെ വിലാസമറിയില്ല.
കവിളത്തെ ഈര്‍പ്പം മാത്രമറിഞ്ഞ്
ദൂരത്തെയാസ്വദിക്കുന്ന ബാല്യമാണത്.
ഭൂമി ഉരുണ്ടതാണെന്ന പാഠം വരെയവനെത്തിയിട്ടില്ല.
അതായിരിക്കണം രണ്ടതിരുകളില്‍ പാര്‍ക്കുന്നവര്‍
ഒരേ വഴിയിലന്യോന്യം തിരക്കിയിറങ്ങിയാല്‍
എങ്ങുമെത്താത്തത്
ഒന്നും മനപൂര്‍വമല്ല. ദൈന്യമായ നിഷ്കളങ്കതയാണ്

എഴുതാപ്പുറങ്ങള്‍


വായിച്ചു വായിച്ചു വന്യതയെ ആവാഹിച്ചു തുടങ്ങുമ്പോള്‍
കടലാസിലെ നിബിഡവചനങ്ങള്‍ക്കിടയില്‍ നിന്നു
നിന്നിലേക്കൊരു വഴി തുറന്നുവരും

അന്ധകാരത്തിന്‍റെയൊറ്റമുറിയില്‍ നിന്ന്
നാലായി പിളരുന്ന വാതായനങ്ങള്‍ പോലെയവ
ആശങ്കയാല്‍ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും

കൈയക്ഷരം പ്രതിബിംബങ്ങളോടുപമിക്കപ്പെട്ട
ഉപമകളായി നിഴലിനെയും വേട്ടയാടും.
തരം കിട്ടിയാല്‍ ഹൃദയശിഖരത്തിലാഞ്ഞുവെട്ടുക തന്നെ ചെയ്യും

പൊരുളറിയാതെ അനേകായിരം പെരുവഴികള്‍ താണ്ടി
നീ ഒന്നുമില്ലായ്മയുടെയെന്തോവൊരിതിലകപ്പെടും.

അപ്പോള്‍മാത്രം മലമുകളിലെ ഒറ്റദീപം പ്രകാശിയ്ക്കും.
വെളിച്ചത്താല്‍ സുവിശേഷങ്ങള്‍ ഉയരപ്പെടും

നീണ്ടമഞ്ഞുകാലവും പിന്നിട്ട് ഒറ്റദീപത്തിന്റെ വലയത്തിലേയ്ക്കെത്തി തുടങ്ങുമ്പോള്‍ പിശകുകളുടെ വാരികുഴിയില്‍ നീയകപ്പെടും.

കാല്പനികതയുടെ/ഭാവനയുടെ ഗോവണികളപ്പോള്‍ നിന്നെ വലംവെച്ചുകൊണ്ടേയിരിക്കും.

ഒന്നിലേക്കും കയ്യെത്തിപിടിക്കാതെ
താഴെ ഉടലരുകില്‍ വെന്തുവെന്തു ചുളിയുന്ന മാംസത്തിന്റെ
ഗന്ധമപ്പോള്‍ നിന്നെ ഉന്മാദിയാക്കും.

പൊള്ളുന്ന ജ്വാലാമുഖികളെ മുഖമുയര്‍ത്താതെ
നീ ചുംബിച്ചുകൊണ്ടേയിരിക്കും

പൊള്ളിയ വൃണങ്ങള്‍ പഴുത്തളിയുന്നതു നീ കിനാവു കണ്ടുതുടങ്ങും.
ആ വേദനയില്‍ മതിമറക്കാമെന്ന നിര്‍വൃതിയില്‍
ചൂടിലേക്കാഞ്ഞാഞ്ഞു ഉറക്കത്തെ ഭേദിക്കും

വേദനയിലഭയം കണ്ടെത്തുന്ന തീര്‍ത്ഥാടകാരാണ്
എഴുത്തുകാരെന്നു നീ തിരിച്ചറിയും.
ഏകാന്തതയിലുരുകി തീരാന്‍ നീയും മനസ്സുവിട്ടിറങ്ങും

ഉറക്കെചിരിക്കാത്ത കുട്ടികള്‍



 ഒറ്റപ്പെട്ട കുട്ടികളെക്കുറിച്ചവര്‍ക്കല്ലാതാര്‍ക്കുമൊന്നുമറിയില്ലാരുന്നു

മറവിയില്‍ നിന്ന് പിഴുതെടുക്കാനാവത്ത ,
ഓര്‍മ്മയില്‍ കൂടുള്ളൊരു പട്ടിയെപ്പോലവരുടെ
പ്രതിബിംബം വാലാട്ടുമാരുന്നു.

മുങ്ങാംകുഴിയിടുന്നവര്‍ക്ക് തെറ്റിയ എണ്ണല്‍ സംഖ്യപോലെ ,
ബദാംകാ പൊട്ടിച്ചവരുപേക്ഷിച്ച പേട് പോലെ
മുട്ടായി വാങ്ങാനോടിയവരുടെ കൈയ്യിലെ
എടുക്കാത്ത നാണയം പോലെയവരും
ഏകാന്തതയിലൊളിച്ചു കളിക്കുമായിരുന്നു

കയ്യാലയ്ക്കപ്പുറം പന്തുതപ്പുന്ന
കുട്ടികളായവരുമുള്ളിലെവിടെയൊക്കെയോ
പരതി നടക്കുമായിരുന്നു

വട്ടം കൂടി മുള്ളിയവരുകലുമ്പോഴും ചേമ്പിലയില്‍
നിന്നടരാത്ത തുള്ളിപോലവര്‍ ഒഴിഞ്ഞ മുറികളിലുണര്‍ന്നിരിക്കുമായിരുന്നു.

ഒറ്റപ്പെട്ട കുട്ടികളുടെ രാത്രികള്‍
ഉറക്കമിളച്ചവരുടെ പകലുപോലസ്വസ്ഥമാണ്

അവരുടെ ഒച്ചയിടാത്ത ചുണ്ടുകള്‍ വായന മുറ്റിയ
വൈകുന്നേരങ്ങളെ ചുംബിക്കുമായിരുന്നു

പറയാതെ തോരുന്ന വാക്കുകള്‍
ശൂന്യതയിലെഴുതി നിറയ്ക്കുമായിരുന്നു

എങ്കിലും ഓര്‍മ്മകളെഴുതാനെടുക്കുമ്പോള്‍
സമ്പന്നരാണന്നവര്‍ക്കും തോന്നുന്നതു
കൂട്ടംകൂടിയ കുട്ടികളെക്കുറിച്ചവര്‍ക്കൊന്നുമറിയാത്തതു
കൊണ്ടായിരിക്കാം .

അലിഖിതചരിത്രങ്ങളില്‍ താമസിക്കുന്നവര്‍

രാത്രിയാത്രകളുടെ അയഞ്ഞകാടുകള്‍ തുരന്ന്
ഇരുട്ടിലാഴ്ന്നുപോയ ഒച്ചകളെ വലിച്ചുപുറത്തിട്ട്
വിറങ്ങലിച്ച മഴപാതയിലേക്കവസാന
സിഗരറ്റ് തരിയേയും പറത്തിവിട്ട്
കള്ളടിച്ചു കണ്ണുപോയൊരുത്തന്റെ
വിഹിതത്തില്‍ നിന്നെരന്നു കുടിച്ചു
അരാജകത്വമതിന്റെ പൂര്‍ണ്ണതയിലെത്താന്‍
വീഴാനൊരു വിഷ്ണുലോകം കണ്ടെടുക്കാനുള്ള
തെറിച്ച നടത്തതിനിടയിലാണ്
സോഡിയം പൂത്ത മതില്‍ചെരുവില്‍
നിലയുറയ്ക്കാത്തൊരു തീവണ്ടിയുലയുന്നതു കാണുന്നത്.

ആസക്തിയുടെ ആസന്നദാഹം
പണമില്ലാത്തതിനാല്‍ പാതിവെന്തു
തോര്‍ന്നതുകൊണ്ടാവണം പരിഭ്രമത്തിന്റെ
കുന്നുകളിലേക്കവ പരിഭ്രമത്തോടെയോടുന്നത്

ഉടല്‍ചരിതമാട്ടക്കഥ നടന്നിരുന്ന
ബോഗിയില്‍ നിന്നാരോ
പിന്തിരോഞ്ഞോടുന്ന വയലിലേക്കെടുത്തു ചാടി.

അവളുടെ ഇതിഹാസത്തിന്‍റെ
പങ്കുപറ്റാനാവതില്ലാത്തതു കാരണം
പുലയനാര്‍കോട്ടയിലേക്കു തന്നെ വെച്ചു പിടിച്ചു.

അസ്തമയങ്ങളില്‍ നാമം ജപിച്ചു
രാത്രികളില്‍ മഞ്ഞുകാലത്തെയോമനിച്ചു.

ഇനിയൊന്നും ബാക്കിയില്ല,
കുടിച്ചതും പുകച്ചതും കടിച്ചതുമെല്ലാമെല്ലാം 

പൂര്‍വ്വയാന്ത്രികതയിലെയൊരേടിലേയ്ക്കെഴുതിത്തള്ളി

അവബോധത്തിന്‍റെ ഇടവേളയില്‍
ജീവിതപരതയിലേക്കു പരാവര്‍ത്തനം
ചെയ്യപ്പെടുമ്പോള്‍ താല്‍ക്കാലികതയുടെ
അതിനിസ്സാരത്വം സംഘര്‍ഷതയെ കടന്നാക്രമിക്കുന്നു.

ഒറ്റവാതിലുള്ള ഭ്രാന്തിന്‍റെ തടവറയിലേക്ക്
വേച്ചുവേച്ചു നടക്കുകയല്ലാതെ
മറ്റുചലനങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല.

നിന്നെയുമ്മവയ്ക്കുമ്പോള്‍



ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു നിന്നെയുമ്മവെയ്ക്കുമ്പോളൊഴുകാന്‍ മറന്നതുപോലുമറിഞ്ഞില്ല

ഓര്‍മ്മയിലുറഞ്ഞുപോയ
ശിലകള്‍ വേരടര്‍ന്നതറിഞ്ഞില്ല.

അസ്ഥിച്ചില്ലകളെ തീരങ്ങളില്‍ കോര്‍ത്തില്ല.
ശലഭകണ്ണുങ്ങളെ നിശബ്ദതയിലാഴ്ത്തിയില്ല.

തോണിത്തുഞ്ചങ്ങളില്‍ വേനല്‍
പാര്‍ത്തതറിഞ്ഞില്ല

വഴിത്തെറ്റി വന്ന മൃഗങ്ങളെ
ശിഖരങ്ങളിലടുപ്പിച്ചില്ല.

മലയിടുക്കുകളിലെ മഴച്ചുരത്തിലറിഞ്ഞില്ല.

ഒഴുക്കില്‍പ്പെട്ടവളുടെ
മൗനത്തിനു കൂട്ടിരുന്നില്ല.

ആത്മഹത്യ ചെയ്ത മീനുകള്‍
ആഴക്കയങ്ങളില്‍ ചത്തുപൊങ്ങിയതറിഞ്ഞില്ല.

മണല്‍ച്ചുഴികളില്‍ വെയില്‍വീണു
മരുഭൂമികള്‍ പൂത്തിരിക്കുന്നു.

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
മഴയും മഞ്ഞും പോയതുപോലുമറിഞ്ഞില്ല.

എന്നിട്ടും എന്റെ ചുംബനങ്ങളെ പാര്‍പ്പിച്ച
നിന്‍റെ ചുണ്ടുകളെന്താണെന്നോട്
അഭിനിവേശത്തെപ്പറ്റി സംസാരിക്കാത്തത് ??

തണുപ്പിന്‍റെ രുചിയുള്ള
കാറ്റിനൊപ്പം പറക്കാനൊരുങ്ങാത്തത് ??

അകലം കുറയുമ്പോള്‍ കാട്ടുമൃഗത്തിനോടടുക്കുംപോലെ
നിന്‍റെ ഉടല്‍രേഖകള്‍ വിറക്കൊള്ളുന്നതെന്തിനാണ് ??

ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
പരേതാത്മാവായതുപോലും ഞാനറിഞ്ഞിരുന്നില്ല.

അധോഗമനരാത്രികള്‍



മുംബൈ നഗരത്തിന്‍റെ പ്രകാശവേഗതയ്ക്കു
മേലെ ആകാശത്തോടു ചേര്‍ന്ന ജനാലയ്ക്കലൊരു 

പുകച്ചുരുളെരിഞ്ഞുയരുന്നു.
ഒന്നും നഷ്ട്ടപ്പെടാനില്ലാത്തവന്‍റെ
നിര്‍വികാരതയിലൂടെയയാള്‍
വീണ്ടും വീണ്ടും
പുകച്ചുരുളുകളിലേയ്ക്കു ഉള്‍വലിയുകയാണ്.


അയാളുടെ മുന്നിലപ്പോള്‍ മാത്രം ലോകമൊരു 

സ്ഫടികകുപ്പിയിലേയ്ക്കു ആവാഹിക്കപ്പെട്ടു.
നിശയറ്റ കിനാകണ്ണുകളിലതൊരു
വിസ്മയമായി പടരുകയാണ്.
ഇടയ്ക്കിടെയൂളിയിട്ടെത്തുന്ന
കൊള്ളിയാന്‍ വെളിച്ചവും,
ഇടിമുഴക്കങ്ങളുമൊന്നുമയാളുടെ മൗനാന്ധതയിലേയ്ക്കു 

പ്രവേശിക്കാനാവാതെ പുറംതള്ളപ്പെടുന്നു.

കാലത്തിന്‍റെ കുറുകെ സൗകര്യപൂര്‍വ്വമെപ്പഴോ
കൊട്ടിയടച്ച വാതില്‍പഴുതിലൂടെ
ഓര്‍മ്മകള്‍ ഒളിഞ്ഞു നോക്കുന്നു.
രാത്രിയുടെ അസംബന്ധങ്ങളപ്പോളയാളിലേയ്ക്കു
മാത്രമായി ചുരുങ്ങപ്പെട്ടു.


ഭാവിയെ പറ്റി പ്രത്യാശകളില്ലാതെ
ഭൂതത്തെ പറ്റി വ്യഥകളില്ലാതെ
നിശ്ചലതയിലേയ്ക്കായാള്‍ വഴുതി നീങ്ങുകയാണ്.
 

ഇരുണ്ട ഭിത്തിയിലുരഞ്ഞുരഞ്ഞു
ബോബ് സംഗീതം മുറിയാകെ നിറയുന്നു.
ഒഴിഞ്ഞ ലഹരി തുരുത്തുകളില്‍
മരണത്തിന്‍റെ നിഴലുകള്‍ നൃത്തം വെയ്ക്കുന്നു.
 

വിലാപങ്ങളെയാശ്വസിപ്പിക്കുന്ന കരിമ്പടത്തെപ്പോലെ
മഴ നനഞ്ഞ നഗരത്തെ ഇരുട്ടു വിഴുങ്ങുന്നു.
 

വാരണാസിയിലേക്കുള്ള അവസാനവണ്ടിയും
പുറപ്പെട്ടുകഴിഞ്ഞിരുന്നു.
യാത്രയയക്കപ്പെട്ടവരുടെ അലിഖിതചരിത്രത്തിലേയ്ക്കു
അയാളുടെ പേരും ചേര്‍ത്തുവെച്ചു
ബന്ധനസ്ഥനിസാരതയില്‍ വിഷമയമാക്കപ്പെട്ട
സ്ഫടികചഷകം തകര്‍ത്തെറിഞ്ഞു 

ലോകമതിന്‍റെ പൂര്‍വ്വയാന്ത്രികതയിലേയ്ക്കിറങ്ങിയോടി.
Powered by Blogger.