കടലാസിലെ നിബിഡവചനങ്ങള്‍ക്കിടയില്‍ നിന്നു
നിന്നിലേക്കൊരു വഴി തുറന്നുവരും
അന്ധകാരത്തിന്‍റെയൊറ്റമുറിയില്‍
നാലായി പിളരുന്ന വാതായനങ്ങള്‍ പോലെയവ
ആശങ്കയാല്‍ പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും
കൈയക്ഷരം പ്രതിബിംബങ്ങളോടുപമിക്കപ്പെട്ട
ഉപമകളായി നിഴലിനെയും വേട്ടയാടും.
തരം കിട്ടിയാല്‍ ഹൃദയശിഖരത്തിലാഞ്ഞുവെട്ടുക തന്നെ ചെയ്യും
പൊരുളറിയാതെ അനേകായിരം പെരുവഴികള്‍ താണ്ടി
നീ ഒന്നുമില്ലായ്മയുടെയെന്തോവൊരിതി
അപ്പോള്‍മാത്രം മലമുകളിലെ ഒറ്റദീപം പ്രകാശിയ്ക്കും.
വെളിച്ചത്താല്‍ സുവിശേഷങ്ങള്‍ ഉയരപ്പെടും
നീണ്ടമഞ്ഞുകാലവും പിന്നിട്ട് ഒറ്റദീപത്തിന്റെ വലയത്തിലേയ്ക്കെത്തി തുടങ്ങുമ്പോള്‍ പിശകുകളുടെ വാരികുഴിയില്‍ നീയകപ്പെടും.
കാല്പനികതയുടെ/ഭാവനയുടെ ഗോവണികളപ്പോള്‍ നിന്നെ വലംവെച്ചുകൊണ്ടേയിരിക്കും.
ഒന്നിലേക്കും കയ്യെത്തിപിടിക്കാതെ
താഴെ ഉടലരുകില്‍ വെന്തുവെന്തു ചുളിയുന്ന മാംസത്തിന്റെ
ഗന്ധമപ്പോള്‍ നിന്നെ ഉന്മാദിയാക്കും.
പൊള്ളുന്ന ജ്വാലാമുഖികളെ മുഖമുയര്‍ത്താതെ
നീ ചുംബിച്ചുകൊണ്ടേയിരിക്കും
പൊള്ളിയ വൃണങ്ങള്‍ പഴുത്തളിയുന്നതു നീ കിനാവു കണ്ടുതുടങ്ങും.
ആ വേദനയില്‍ മതിമറക്കാമെന്ന നിര്‍വൃതിയില്‍
ചൂടിലേക്കാഞ്ഞാഞ്ഞു ഉറക്കത്തെ ഭേദിക്കും
വേദനയിലഭയം കണ്ടെത്തുന്ന തീര്‍ത്ഥാടകാരാണ്
എഴുത്തുകാരെന്നു നീ തിരിച്ചറിയും.
ഏകാന്തതയിലുരുകി തീരാന്‍ നീയും മനസ്സുവിട്ടിറങ്ങും