ആകാശത്തെ ഏകകോശമെന്നഴകുള്ള
മുറിയിലിരുന്ന് 'ദേജാവൂ' എന്ന് ടൈപ്പ് ചെയ്യവേ
ആരോ കാത്തിരിപ്പുണ്ടെന്ന തോന്നലുടുപ്പിട്ട് വരുന്നു
പൊട്ടിയ ബട്ടന്‍സുകളില്‍ നിന്ന് ഉറുമ്പുകളെ കുടഞ്ഞു കളഞ്ഞയാള്‍
വാതില്‍ ചിമ്മിയടയ്ക്കുന്നു - ഇറങ്ങി പോരുന്നു.
യാത്ര.
അരുവിയ്ക്കു മീതെ ഒടിഞ്ഞ ചില്ലയില്‍ കാലിളയ്ക്കിയിരിക്കെ
കേക്കാനൊരു സാധ്യതയുമില്ലാഞ്ഞിട്ടും
saudade എന്ന വാക്ക് മറ്റൊരാള്‍ കേള്‍ക്കുന്നു.
തണുപ്പ് മടക്കി നനവുകളെയെല്ലാം തൂത്തെടുത്ത്
കൊക്കയില്‍ നിന്നയാളും കേറി പോരുന്നു.
യാത്ര.
ഉടുപ്പിലെ നനവ് ദൂരത്തെ
അടിച്ചമര്‍ത്തുന്ന വേഗതയുടെ കയ്യൊപ്പുകളാണ് ,
വാറ്റിയ കോടയ്ക്കൊപ്പം നിലാവിനെ
തൊട്ടുനക്കി രാത്രിയുടെ അടങ്ങിയിരിപ്പ് .
ഉറക്കത്തിനു തൊട്ടുമുന്‍പ്
അന്തരീക്ഷത്തിലൊരു ദ്വീപു പോലെ
നിശബ്ദതയാലും , ശൂന്യതയാലും കനപ്പെട്ട്
ലോകത്തിനകത്തു നിന്ന് ചവിട്ടി പുറത്തിടും പോലെ
ശരീരത്തിനു ചുറ്റുമൊരു വലയമുരുണ്ട് കൂടാറുണ്ട്
കണ്ണോരോ തവണയടയാനായുമ്പോഴും
കാത്തിരിക്കുന്നയാളിലേക്ക് നീട്ടിയെറിയപ്പെടുകയാണ്
ശ്രദ്ധയുടെ ചൂണ്ട.
വീര്‍ത്ത കണ്‍പോളകള്‍ തുടരെ തുറന്നുവെക്കാന്‍
ശ്രമിച്ച് കാത്തിരിക്കുന്നയാളെത്തുന്നതിനു
തൊട്ടുപിന്‍പുള്ള നിമിഷത്തില്‍ ഇരുവരും ഉറങ്ങി പോവുന്നു
ആകെയുള്ള ചില്ലറത്തുട്ടിനു എത്താവുന്നിടത്തേക്ക്
ടിക്കറ്റെടുത്ത് കാത്തിരുന്നയാള്‍ ഉറക്കത്തിനു കൂട്ടിരിയ്ക്കുന്നു.
ഉണര്‍ത്താനുള്ള അടുപ്പമില്ലെന്ന
ബോധത്തില്‍ മുടിയിഴകള്‍ക്കിടയില്‍
വെച്ചുമാറുന്ന ഒരു കീറ് വെളിച്ചത്തില്‍ നോക്കിയിരുന്നു
ഒടുവിലിറങ്ങേണ്ട തിരിവിലിറങ്ങി വിരലകലത്തിനപ്പുറത്ത്
നിന്ന് വലിഞ്ഞുകേറി വന്ന വിഷാദത്തിനു
കൈകൊടുക്കേ ഇരുട്ടിന്‍റെ
വണ്ടി അയാളെയിടിച്ചു മലര്‍ത്തി കടന്നുപോവുന്നു
കാത്തിരുന്നയാള്‍ ഇറങ്ങി പോയതിനു തൊട്ടടുത്ത നിമിഷമയാള്‍
കണ്ണു തുറക്കുമ്പോഴുള്ള വിജനത
ജീവിതത്തിന്‍റെ തന്നെ വിടവായി
കഴുത്തിനു കുത്തിപിടിക്കുന്നു
കാത്തിരിപ്പിന്റെയപരാതയ്ക്കു
അതിര്‍ത്തികളുടെ വിലാസമറിയില്ല.
കവിളത്തെ ഈര്‍പ്പം മാത്രമറിഞ്ഞ്
ദൂരത്തെയാസ്വദിക്കുന്ന ബാല്യമാണത്.
ഭൂമി ഉരുണ്ടതാണെന്ന പാഠം വരെയവനെത്തിയിട്ടില്ല.
അതായിരിക്കണം രണ്ടതിരുകളില്‍ പാര്‍ക്കുന്നവര്‍
ഒരേ വഴിയിലന്യോന്യം തിരക്കിയിറങ്ങിയാല്‍
എങ്ങുമെത്താത്തത്
ഒന്നും മനപൂര്‍വമല്ല. ദൈന്യമായ നിഷ്കളങ്കതയാണ്