ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു നിന്നെയുമ്മവെയ്ക്കുമ്പോളൊഴുകാന്‍ മറന്നതുപോലുമറിഞ്ഞില്ല
ഓര്‍മ്മയിലുറഞ്ഞുപോയ
ശിലകള്‍ വേരടര്‍ന്നതറിഞ്ഞില്ല.
അസ്ഥിച്ചില്ലകളെ തീരങ്ങളില്‍ കോര്‍ത്തില്ല.
ശലഭകണ്ണുങ്ങളെ നിശബ്ദതയിലാഴ്ത്തിയില്ല.
തോണിത്തുഞ്ചങ്ങളില്‍ വേനല്‍
പാര്‍ത്തതറിഞ്ഞില്ല
വഴിത്തെറ്റി വന്ന മൃഗങ്ങളെ
ശിഖരങ്ങളിലടുപ്പിച്ചില്ല.
മലയിടുക്കുകളിലെ മഴച്ചുരത്തിലറിഞ്ഞില്ല.
ഒഴുക്കില്‍പ്പെട്ടവളുടെ
മൗനത്തിനു കൂട്ടിരുന്നില്ല.
ആത്മഹത്യ ചെയ്ത മീനുകള്‍
ആഴക്കയങ്ങളില്‍ ചത്തുപൊങ്ങിയതറിഞ്ഞില്ല.
മണല്‍ച്ചുഴികളില്‍ വെയില്‍വീണു
മരുഭൂമികള്‍ പൂത്തിരിക്കുന്നു.
ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
മഴയും മഞ്ഞും പോയതുപോലുമറിഞ്ഞില്ല.
എന്നിട്ടും എന്റെ ചുംബനങ്ങളെ പാര്‍പ്പിച്ച
നിന്‍റെ ചുണ്ടുകളെന്താണെന്നോട്
അഭിനിവേശത്തെപ്പറ്റി സംസാരിക്കാത്തത് ??
തണുപ്പിന്‍റെ രുചിയുള്ള
കാറ്റിനൊപ്പം പറക്കാനൊരുങ്ങാത്തത് ??
അകലം കുറയുമ്പോള്‍ കാട്ടുമൃഗത്തിനോടടുക്കുംപോലെ
നിന്‍റെ ഉടല്‍രേഖകള്‍ വിറക്കൊള്ളുന്നതെന്തിനാണ് ??
ഉറങ്ങിയ നഗരങ്ങള്‍ക്കിടയില്‍ക്കിടന്നു
നിന്നെയുമ്മവയ്ക്കുമ്പോള്‍
പരേതാത്മാവായതുപോലും ഞാനറിഞ്ഞിരുന്നില്ല.