കൈത്തണ്ടയില്‍ മുഖം വെച്ച് കാറ്റിന്റെ
ഇരയനക്കം കേട്ടുകിടക്കുമ്പോള്‍
നേരമേറെയായെന്നു ആകുലതപ്പെട്ട്
തെരുവിലേക്ക് ഇറങ്ങിപോവുന്നൊരു കൂട്ടുകാരിയുണ്ട്
അവള്‍ നില്‍ക്കുമ്പോള്‍ ഞാനടിച്ചു വിട്ട
രോമപന്ത് പ്രേമത്തിലെക്കോ കാമത്തിലെക്കോ
ഇടപെടാതെ പേരില്ലാത്ത ഇടങ്ങളില്‍ കളിച്ചുമടുക്കുന്നു
അവളിറങ്ങുമ്പോള്‍ പുഴുങ്ങിയ മുട്ടയുടെ
ഗന്ധമുണ്ടായിരുന്ന മുറി
സിഗരറ്റ്മണത്തിലേക്ക് വഴിതെറ്റുന്നു
മറന്നുവെന്നവള്‍ കളവുപറഞ്ഞ
മരുന്നുചീട്ടുകളെ ജനാലയിലെ
കടലിലേക്കിട്ടു വെള്ളം കുടിച്ചു
മഞ്ഞ്കാലത്തില്‍ നിന്നടര്‍ത്തിയെടുക്കാനാവാത്ത
ഏകാന്തതയെ ഏലചായയിലാറ്റുമ്പോള്‍
സമയത്തെ പഴിചാരിയുള്ള
നിന്റെയിറങ്ങിപ്പോക്കൊര്‍ത്ത് ചിരിച്ചു
മുഴുവിക്കും മുന്നേ തീര്‍ന്നുപോവുന്ന
വെളുപ്പാന്‍കാലങ്ങളെ കണ്ണിറുക്കിയടച്ച്
പിടിച്ചുവെക്കാന്‍ നോക്കുന്നവരെപ്പോലെ
നിന്‍റെ ഹൃസ്വമൗനങ്ങളില്‍ നിരന്തരം
നൂഴ്ന്നിറങ്ങാന്‍ ശ്രമിച്ച്
പരാജയപ്പെടുന്ന കില്ലപ്പട്ടിയാകുമ്പോഴും
തിണര്‍ത്തകവിളുകള്‍ ഉയര്‍ന്നുതന്നെയിരുന്നു.
അപ്പോള്‍ മാത്രം ,
കടലിന്‍റെ കുഴിനഖമെന്നു നീ പറയാറുള്ള
എന്റെ അക്വേറിയത്തിലെ അഴുകിയ
ഗുഹാമുഖങ്ങളില്‍ ഉപ്പുരുമിപാഞ്ഞിരുന്ന
ചിതമ്പലുകളെ ഓര്‍മ്മയിലേക്കെടുത്ത് വെക്കാം,
കനമുള്ള പിടച്ചിലുകളറിഞ്ഞു
ദൂരേയ്ക്ക് നോക്കിയിരിക്കാം
മാര്‍ക്ക്ബോലന്റെ അന്ത്യം പോലുള്ള
നിന്‍റെ ചിരി ചാപ്പ്മാന്റെ ചെവിയ്ക്ക് താഴെ
ചെന്നുനില്‍ക്കുമ്പോള്‍ അത്രമേല്‍
ദുര്‍ബലനായൊരു ലെവിയാഥനായി
നിഴലെന്നെ കോര്‍ത്തിടുന്നു
ഉഭയകാലത്തെക്കാളും ഉന്മാദസാധ്യതയുള്ള
മറ്റൊന്നുമില്ലെന്നു നീ പറയുമ്പോഴെല്ലാം
പിന്‍കഴുത്തിലെ അപരിചിതഭാഷയില്‍
തിരക്കിട്ട് ഗവേഷണം നടത്തുന്ന
വിദ്യാര്‍ത്ഥിയായിരുന്നില്ലേ ഞാന്‍
അറിയാവാക്കുകളെ വശീകരിച്ചും
രഹസ്യങ്ങളിലേക്ക് ചൂണ്ടയിട്ടും
നിഗൂഢമായൊരു മന്ദഹാസത്തെ
നെയ്ത്തെടുത്ത് മച്ചിലെ
വിയര്‍പ്പ്പാടയിലെക്ക് വിരിച്ചിട്ട്
ഉറക്കത്തിലുമുണര്‍വിലുമെല്ലാം
രുചി നോക്കി അകാരണങ്ങളില്‍
ഒറ്റയാവുമായിരുന്ന പട്ടി
നിന്‍റെ വിടവ് കാറ്റെടുത്ത കാടായും ,
അസാന്നിദ്ധ്യം മുങ്ങിചത്ത മുയല്‍ക്കുഞ്ഞായും
അടിയൊഴുക്കിലായിരിക്കുമ്പോള്‍
അഴിഞ്ഞുപോയയെന്റെ നിലവിളി
കൂറ്റന്‍വന്യതയുടെ ഒറ്റപ്പൊത്തില്‍
മാത്രം എക്കോ പെടുന്നു.
നിന്‍റെ പേരുള്ള എന്റെ വിഷാദം
ഭ്രാന്തില്‍ ആത്മഹത്യയ്ക്കിറങ്ങി
ദാരൂണമായി പിന്‍വാങ്ങുമ്പോഴും
പുഴക്കരയിലെ എന്‍റെ കില്ലപ്പട്ടി ഒറ്റയ്ക്കുതന്ന.