വാഴ്വേ മായം

അരക്ഷിതാവസ്ഥയുടെ ടൈംലൈന്‍



നിര്‍വികാരമായ ഭ്രാന്തുകളെക്കുറിച്ചധികം 
വായിച്ചിട്ടില്ല ല്ലേ ? 
അവരുടെയിടങ്ങളില്‍ അക്ഷരങ്ങള്‍ക്കത്ര 
തെളിച്ചമില്ല , മുറിവേറ്റമൃഗത്തിന്‍റെ ചോര 
കണ്പീലിയിലൊട്ടി ഉറക്കമുണരുമ്പോളരിച്ചിറങ്ങുന്ന 
പ്രകാശത്തിന്‍റെ കനപ്പെട്ട 
ചലനമാണേപ്പോഴുമവരുടെ ചുറ്റുവട്ടങ്ങള്‍ക്ക് 
മറവിയിലകപ്പെട്ട പരേതരെപ്പോലെ 
ചിതറിപ്പോയ തുരുത്തുകളുടെ 
അകന്നുകിടപ്പുകളിലാണവരുടെ 
ബോധത്തിന്‍റെ കഴുക്കോലുകള്‍ 
നിരതെറ്റിയ കല്ലുകള്‍ക്കു 
മീതെയടര്‍ന്നിരുന്ന് ആഴത്തിന്റെ പച്ചയിലേക്ക് 
നോട്ടമഴിച്ചു വിട്ട് കാഴ്ചയ്ക്കു പുറത്ത് 
മറ്റൊരു വഴിയില്‍ ബോധത്തിന്‍റെ 
ചപ്പുകള്‍ക്കിടയിലൂടെ ചെരുപ്പില്ലാതെ 
വട്ടവും നീളവും നടന്ന് ചിന്തകളുടെ 
സഞ്ചാരസാധ്യതകളില്‍ നിന്ന് പുറത്തുകടക്കാന്‍ 
പിടയുകയാണവരുടെ സമയദിശ. 
മര്‍ദ്ദമലക്കിയിടുന്ന അന്തരീക്ഷത്തിന്‍റെ 
ഉടുപ്പുകള്‍ പോലെ ചുമരില്‍ 
മങ്ങിയും മാറിയുമിഴയുന്ന നരച്ചവെട്ടത്തിന്‍റെ 
ത്രിമാനതിണര്‍പ്പുകള്‍ക്ക് പിടികൊടുത്ത് 
ഓരോ തരികള്‍ക്കിടയിലും 
ഓര്‍മ്മയുടെ വേരുകള്‍ വളര്‍ത്തുകയാണ് 
ഞരമ്പനക്കങ്ങളില്‍ ഒപ്പിട്ടാഴുന്ന സൂചിമുനയുടെ കമ്പനം. 
വിക്കന്റെ നാക്കിനും വാക്കിനുമിടയില്‍ 
പൂട്ടിയിടപ്പെടുന്ന ശബ്ദങ്ങളുടെ 
പെരുക്കം പോലെ തലച്ചോറിന്റെ 
മുറിയില്‍ വിടവുകളെല്ലാമടച്ചിട്ട്‌ 
ചുഴലിക്കാറ്റിന്റെ ഭൂപടത്തിലെന്നപോല്‍ 
ആര്‍ത്തലച്ചു കുതറുകയാവുമെപ്പോഴും 
വിഷാദത്തിന്‍റെ നിലച്ചസംഗീതങ്ങള്‍ 
ഏതെങ്കിലും നേരത്തെടുത്തു കളയുന്ന 
തണുത്തു വിറങ്ങലിച്ച ചായപ്പാട , 
ഉറുമ്പുകളുടെ വേഗതയ്ക്കിടയില്‍ 
ജനലിനിടയിലരഞ്ഞ പല്ലിയുടെയളിഞ്ഞ ജഡം , 
തുടയിലെ രോമകുടുക്കുകള്‍ക്കപ്പുറം 
ചീര്‍ത്തവയറുമായി ഭിത്തിയിലടിഞ്ഞിരിക്കുന്ന കൊതുകുകള്‍, 
ഉറക്കത്തിന്‍റെ മണമില്ലാത്ത 
ഒരേ നിലയിലുലഞ്ഞു കിടക്കുന്ന ബെഡ്ഷീറ്റ് 
ശരീരത്തിന്‍റെ ആവരണം പോലെ 
മുറിവുകളെയെല്ലാം ചവിട്ടിയൊതുക്കിയൊരു 
കുമിളക്കുള്ളിലാക്കി 'ഒറ്റപ്പെട്ട ഒറ്റുകാരനെപോലെ മുറി'യെന്ന 
ഒറ്റവരിയിലൊതുക്കാനാവില്ലേ ഇവയെല്ലാം ? 
പൊട്ടിയ കണ്ണാടിയില്‍ നിന്ന് മുഖത്തിന്‍റെ 
ചീളുകള്‍ അടര്‍ത്തിയെടുക്കുമ്പോലെ 
ദിനാന്ത്യചിത്രങ്ങളുടെ കോശങ്ങള്‍ 
ചാഞ്ഞ കൊല്ലിയുടെ നെറ്റിയിലാഞ്ഞു നിന്ന് 
താഴ്ചയുടെ നിഗൂഢതയിലേക്കെറിഞ്ഞ്‌ 
അരക്ഷിതമായ എക്കൊകള്‍ 
തിരച്ചടിക്കുന്നതും കാത്ത് രക്തത്തിന്‍റെ വരമ്പുകളില്‍ 
കാതുവെച്ചു കിടക്കുകയാവും ഇരുളുകളില്‍ നിന്നുള്ള 
പകലിന്‍റെ ജലച്ചായങ്ങള്‍ 
ഒരുപക്ഷെ നിങ്ങള്‍ക്കിത് 
വായിച്ചാലൊന്നും മനസ്സിലാകണമെന്നില്ല. 
തിരിച്ചറിയാനൊക്കുന്നവര്‍ മറ്റാര്‍ക്കും / മറ്റൊന്നിനും 
കേറി ചെല്ലാനൊക്കാത്ത ഭ്രാന്തുകളുടെ വക്കുകളില്‍ 
സ്വയം കൂട്ടിരിക്കുകയുമാണ്‌ 
കണ്ണാടിയുടെ ദൈന്യത പോലെ 
മറ്റൊന്നിനുമവിടെക്ക് പ്രതിഫലിക്കാനുമാവില്ല.
Powered by Blogger.