വാഴ്വേ മായം

ഒഴുക്കിനുകീഴെ


അനക്കമില്ലാത്ത ആറ്റിലേക്കാഞ്ഞെത്തി
ഒരു കവിള്‍വെള്ളം കുടിച്ചെടുത്ത്
അതിനുള്ളില്‍ മുങ്ങി കിടക്കുന്ന
കാക്കയുടെ നാവുപോലെ ഓര്‍ക്കാപ്പുറത്ത്
മറവിയില്‍ കിണര്‍കുത്തി
അതിലേക്കേന്തി നോക്കി
ആഴത്തിന്റെ തിരിച്ചടിയില്‍ ചിലപ്പോള്‍
 ചിരിക്കുകയും , കരയുകയും ചെയ്യുന്ന
ബഹുഭൂരിപക്ഷത്തിന്‍റെ നീളന്‍ഒപ്പിലെ
അവസാനത്തെ കുനിപ്പാവുന്നു ഞാന്‍


ഇന്നെന്തൊക്കെ ചെയ്യണമെന്നാണ്
 ഇന്നലെയുറപ്പിച്ചെന്നോര്‍ത്തുണരുകയും ,
പകല് ചെയ്തതിന്റെയൊക്കെ
മണവും രുചിയുമാലോചിച്ചുറങ്ങുന്നവരുമുണ്ട്

രാത്രിസഞ്ചാരിയുടെ മുഖത്തേക്കടിക്കുന്ന
വെളിച്ചം പോലെ ഓര്‍മ്മിക്കലും ആസൂത്രണവും
ചരിഞ്ഞും നിവര്‍ന്നുമവര്‍ക്കിടയിലൂടെ കടന്നുപോവും

എങ്കിലുമിന്നെന്ന തിരിവില്‍ നിന്നവരുടെ
ടയറുകള്‍ തിരിച്ചുകേറുന്നേയില്ല
പകലുകളില്‍ നിന്ന് പാലം പണിയാതെ
 രാത്രിയിലേക്ക് കുടിയേറുന്നവരുടെ
വാഹനങ്ങളിലെ നീളന്‍പോറലാണ് ഞാന്‍

കാലം വാച്ചിനൊപ്പമാണ് നടക്കാനിറങ്ങുന്നതെന്നും,
മരണമടുത്ത വീടുവരെ വന്നു തിരിച്ചു പൊക്കോളുമെന്നും,
ലോകമീ അടഞ്ഞമുറിയും , അധികാരമടുക്കിവെച്ചിരിക്കുന്ന
നോട്ടുകെട്ടുകളുമാണെന്നും തിരിഞ്ഞുനോക്കാതെ
വിശ്വസിച്ച് സമര്‍പ്പിക്കുന്നവരുണ്ട്

കണ്ടെത്തല്‍ മരവിച്ചൊരു വഴിയാണവരുടെത്
ഞാന്‍ ഞാനെന്നു മാത്രം കേട്ടാണവുടുത്തെ
കുട്ടികള്‍ മുല കുടിക്കുന്നത്

താത്കാലികതയെന്ന കാവല്‍ക്കാരന്‍
വലിച്ചടച്ചിട്ട ആ ഇടുങ്ങിയ വഴിയുടെ
പൂട്ടിലെ തുരുമ്പാണ് ഞാന്‍

ഉറങ്ങിയുമുണര്‍ന്നും
തിന്നും വളര്‍ന്നും
പ്രണയിച്ചും പ്രാപിച്ചും
പഠിച്ചും പണിയെടുത്തും
കെട്ടിയും പോറ്റിയും
അടങ്ങിയുമടര്‍ന്നും
അങ്ങനെയങ്ങനെ കവിഞ്ഞുപോവാതെ
കുഴിച്ചിട്ടിരിക്കുന്ന സമവാക്യങ്ങളുടെ
ആവര്‍ത്തനത്തിലകപ്പെട്ടു പോയൊരു ജനതയുണ്ട്.

വിരസതയെന്നൊരു വാക്കിനെ
പറ്റിയവര്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ല

ഒരു നിമിഷത്തേയും തടഞ്ഞുവെക്കാതെ
ആത്മകഥകള്‍ പൂര്‍ത്തിയാക്കാനിറങ്ങിയവരുടെ
വ്യര്‍ത്ഥതകളിലെ തിരക്കാണ് ഞാന്‍
അഥവാ ഈ നിമിഷത്തിനപ്പുറത്തേക്ക്
വളരുന്ന തിരക്കുകളൊന്നുമെന്റെയല്ല.
Powered by Blogger.