വാഴ്വേ മായം

അണ്ടർ ദി മിൽക്ക്വുഡ്

ഇഷ്ട്ടപ്പെട്ട എഴുത്തുകാരാരെണെന്നു
ചോദിക്കുമ്പോൾ പഞ്ചുള്ള പേരുകൾ
റയണമെന്ന ആശയിലാണ്
ചാൾസ് ബുക്കോസ്കിയെയും ഡിലൻ തോമസിനെയും
വായിക്കാനെടുക്കുന്നത്.

രണ്ടും വിഷാദത്തിന്റെ നാട്ടുകാർ ,
വെള്ളമടിയിൽ കില്ലാടികൾ ,
ചിരിച്ചുകൊണ്ട് ദുഃഖത്തിന്റെ മൂക്കിലിടിക്കുന്നവർ .
ബുക്കോസ്‌കിയെ വായിക്കുന്ന രാത്രികളികൾ
ഞാനുമൊരു അസാമാന്യമനുഷ്യനാണെന്ന
തോന്നൽ വന്നു വീഴും.

അതിലേക്ക് ഐസെന്ന പോലെ
വാവട്ടമുള്ള ഗ്ലാസിൽ പിന്നെയും
*കുറ്റിസാക്ക് സിപ്പടിച്ചു കുടിക്കും.
ആ നേരം ചാർളി ചാപ്ലിനടുത്ത്
വന്നിരുന്നാൽ പോലും
എണീറ്റ് പോ ഉവ്വേന്നു പറയും.

സീ ഞങ്ങ കൊടൂരസൈദ്ധാന്തികരങ്ങനെ
ചിരിക്കാറില്ലല്ലോ.
'Alone With Everybody' എന്നാണല്ലോ
ബുക്കോസ്ക്കിയൻ ഡിക്ഷണറിയിൽ
ജീവിതത്തിന്റെ ധിഷണാവിലാസം തന്നെ.

ഡിലൻ തോമസിനെ വായിക്കുന്ന
പകലുകളിൽ ചൂട് ദോശക്കല്ലിൽ
മൊരിയിച്ചെടുക്കുന്ന ഉൾക്കൊള്ളലുകൾ
ചങ്കിലങ്ങനെ വന്നു നിറയും.

ഹൈവോൾട്ടേജിൽ സങ്കടത്തിന്റെ
കിളിമാഞ്ചോരോയിലേക്ക്
ട്രെക്കിങ്ങിനിറങ്ങിയ ഷൈൻ ടോം ചാക്കോയാണ്
ജീവിതമെന്നപ്പോൾ തോന്നും.
തർക്കോവോസ്ക്കിയൻ സിനിമയിൽ
സങ്കടം വന്നു നിറയുന്നപോലെ
പ്രസന്നമായി കാലുകൾ വരെ നനയും.

'Do not go gentle into that good night' ന്ന്
ഡിലൻ തോമസ് വന്നു പറയാൻ കാത്തിരിക്കും
അടുത്ത തെരുവിലേക്കിറങ്ങി വാറ്റ് അന്വേഷിക്കാൻ.
ഈ പകലും രാത്രിയും കഴിഞ്ഞാരേലും
ഇഷ്ട്ടപ്പെട്ട എഴുത്തുകാരെ തിരക്കിയാൽ
ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് കടന്നുപോയേക്കും.
ഇമ്മാതിരി സില്ലി ചോദ്യങ്ങളോട്
വാചാലരാവാൻ
സോ കോൾഡ് ബുദ്ധിജീവികളെ കിട്ടുമാരിക്കും.
ഞങ്ങ സോ ഹോട്ട് മിസ്റ്റിക്ക് സന്തതികൾ
അതുക്കും മേലെയാണ് ,
വിസ്‌കി തീരുന്നതുവരെ
അതങ്ങനെ തന്നാരിക്കുകയും ചെയ്‌യും.

_____________________________________________

Under Milk Wood- ഡിലൻ തോമസിന്റെ നാടകം.
'Do not go gentle into that good night' - ഡിലൻ തോമസിന്റെ കവിത.
Alone With Everybody' - ബുക്കോസ്ക്കിയൻ കവിത.
*കുറ്റിസാക്ക് -Cutty Sark - വിസ്‌കി 

വെള്ളത്തിലെ മോണറ്റും വെള്ളത്തിനടിയിലെ വാൻഗോഗും .



ലാ ഹാവേരയിൽ ചോളം വാങ്ങാനെത്തി 

രാജ രാജ ചോളനെന്ന പാട്ടുമിട്ട് 

സെയിൻ നദിക്കരയിലിരിക്കെ 

അകലങ്ങളിലൊഴുകിയൊഴുകിയിളകുന്നൊരു 

തടിവഞ്ചി കാണുന്നു.

അതിലൊരു തടിയൻ ബ്രെഷുമായിരുന്ന് 

ജലനിലയെ വരയ്ക്കുന്ന ക്ലൊഡ് മോണറ്റിനെയും.


ഓരോ ഋതുവിലും ജലത്തിലേക്ക് 

കലാപകാലത്തെ 

രക്തത്തിന്റെ തോതെന്നപോലെ നേർത്തും ,

ചുമന്നുമൊഴുകുന്ന സെയിൻ.


ഉറക്കത്തിലകപ്പെട്ടൊരു കുഞ്ഞിനോടെന്ന പോലെ 

ശാന്തതയിലുറ്റുനോക്കി ഒഴുക്കിന്റെയിലകളെ

മോണറ്റ് ക്യാൻവാസിൽ പകർത്തുന്നു.


ഈസൽത്തട്ടിലപ്പോൾ ഫ്രാൻസ്സിന്റെ 

തിരുമുറിവുകളിലുറവയുള്ള 

ചിന്നിയ വെളിച്ചത്തിന്റെ തുണ്ടുകളായി 

ഇമ്പാസ്റ്റോ മുനമ്പുകളിലേക്ക് 

ഒഴുകി നിറയുന്ന സെയിൻ.


നോക്കിനോക്കിയിരിക്കെ കടവിലടിയുന്ന 

അന്തമില്ലാത്ത സൂര്യകാന്തിയിതളുകൾ 

പിന്തുടരാനുള്ള തീരുമാനം വിരസതയുടെതായിരുന്നു.


അരികുചേർന്ന്

ഇതളുകൾ കുരുക്കിയെടുത്ത് 

സെയിനിന്റെ ചെരിവുകൾ നടന്നുകയറി.


ഓരോ ഇതളിനും വാൻഗോഗിന്റെ 

മണമായിരുന്നു.


ലാറ്റിനമേരിക്കകാരിയുടെ നെറ്റിയുടെ 

നിറമുള്ള ഗോതമ്പുപാടങ്ങൾ കടന്ന് ,

വിഷാദം തൂവുന്ന മഞ്ഞചുമരുകളുള്ള 

തെരുവുകൾ കടന്ന് ,

പോൾ ഗൗഗിന്റെ നിഴലുകളിപ്പോഴുമുള്ള 

കാപ്പിക്കടകൾ കടന്ന് ,

വൈക്കോൽക്കൂനയിൽ മുഖം വെച്ചുറങ്ങുന്ന 

ഖനിതൊഴിലാളികളെ കടന്ന് ,

കുതിരവണ്ടികൾ പാലം കടന്നുപോവാൻ 

കാത്തുനിക്കുന്ന ഉരുളക്കിഴങ്ങു തീറ്റക്കാരെ കടന്ന് ,

നിലയിൽ മഞ്ഞച്ച ആകാശത്തിനു കീഴെ 

ദുഃഖിതനായിരിക്കുന്ന തീയോയെ 

കണ്ടില്ലെന്നു നടിച്ച് 

ഇതളുകൾ തുന്നിച്ചേർത്ത 

ഭൂപടത്തിലൂടെയൊരു നദിയുടലാരോഹണം.


നോട്ടമെത്തുന്നയിടത്തു നിന്ന് തോണിയും 

മോണറ്റും മറഞ്ഞിരുന്നു.


ഉടുപ്പ് നിറയെ സൂര്യകാന്തിയിതളുകൾ 

ഇറുകെപ്പിടിച്ചു നടപ്പ് തുടരുന്നു.


കാടിനടിവാരമെത്തുമ്പോ കര തീരുന്നു,

പുഴ മാത്രമാവുന്നു.

ആഴത്തിലെവിടെയോ നിന്ന് പൂക്കളയുർത്തു വരുന്നു.

ഒഴുക്കിലവ തകർന്ന് ഇതളുകളായി പിരിയുന്നു.


ഇതളുകൾ കൂട്ടിയെടുത്ത് ഞാനുമൊരു 

പൂവായി വിരിഞ്ഞു തുടങ്ങുന്നു.


ആഴത്തിലേക്ക് മുങ്ങിച്ചെന്ന് 

സെയിനിന്റെ അടിവയറ്റിൽ 

തൊടുമ്പോൾ തലയില്ലാത്തൊരു ഉടൽ 

അടിത്തട്ടിലുറഞ്ഞു കിടക്കുന്നു .


ചുറ്റും മഞ്ഞയിൽ തുടിച്ച

പ്രതലം.


മഞ്ഞപൂവുകൾ / പുറ്റുകൾ /

മീനുകൾ/ മറുകുകൾ.


തലയുടെ വിടവിലേക്ക് 

കൈയിലടിഞ്ഞയിതളുകൾ കുടഞ്ഞിട്ടു.

ജിഗ്‌സോ പോലെയവ ചേരുമ്പോൾ 

ഉന്മാദത്തിലുറങ്ങുന്ന വാൻഗോഗിനെ കാണാം.



വിഷാദത്തിന്റെ നീലമയമുള്ള വാൻഗോഗ്.

ഒരു കൈകൊണ്ട് വേദനയെ പൊത്തി വെച്ച ചെവി.


അറ്റുപോയ ചെവിയിൽ നിന്ന് നസ്രാണിപ്പുകപ്പോലെ 

മുകളിലേക്ക് പറക്കുന്ന രക്തം.


ജീവിതത്തിലധികം ഉറങ്ങിയിട്ടില്ലാത്തൊരാളെ 

ഉണർത്താൻ നിന്നില്ല.


മനഞ്ഞിലുകൾക്കൊപ്പം നീന്തി എത്രയും വേഗം 

നീന്തി മോണറ്റിന്റെ തോണി പിടിയ്ക്കണം.


മുങ്ങിപൊങ്ങി മഞ്ഞയിറ്റുന്ന കൈ കൊണ്ട് 

തോണിയുടെ വശമുലച്ച് , 

മുഖമുയർത്തി വാൻഗോഗിന്റെ രക്തത്തിലേക്കധികം 

നീലചായം കലർത്തരുതെന്നു മോണറ്റിനോട് പറയണം.


ഉറക്കത്തിലേക്കെങ്കിലും വിഷാദം 

പിടച്ചു കയറാതിരിക്കട്ടെ.


പലത്

|ഫ്ലാഷ്ബാക്ക്|
ഞാനില്ലാതായെന്നറിയുമ്പോള്‍ നിന്‍റെ
ഭാവമേതാരിക്കുമെന്ന് ഭാവനയില്‍
റീട്ടെക്കെടുത്ത് നടക്കുകയാണ്
മരണവുമായി സാറ്റ് കളിയിലാണെന്നറിയാതെ
തുടരുന്നൊരു രാത്രി


|നങ്കൂരചരിതം|

ഖേദഹര്‍ഷങ്ങളുടെയാകാശത്തില്‍ നങ്കൂരമിട്ട ഭ്രാന്തെന്ന
പടക്കപ്പലിലെ അപരാധിയായ നാവികനാണു ഞാന്‍.

|തേപ്പ്|
ഒരു ജയില്‍മുറി തൂക്കിലേറ്റപ്പെട്ട തടവുകാരനെ ഓര്‍മ്മിക്കും
പോലെ പ്രണയമെന്നെ അടയാളപ്പെടുത്തിയിട്ടുണ്ടാവും



|വളര്‍ച്ച|
അതെന്താണ് അനുഭവത്തിന്റെ ഇരുട്ടില്‍ നിന്നാരും സംസാരിക്കാത്തത്  ?
ഇരുട്ടിന്‍റെ പറ്റി പറയുന്നവരുടെ കണ്ണ് കുത്തിപൊട്ടിക്കുന്നത് കൊണ്ട്


|അരമുറി|

വീണ്ടുമൊരു പ്രണയത്തിനു പകുത്തുനല്‍കാന്‍
ഹൃദയത്തിനു മറുപാതിയില്ലാത്തവന്‍റെ
നൊമ്പരം ഹൃദയമില്ലാത്തവളെങ്ങനറിയും
|ചരട്|
പട്ടം പറത്തുന്ന കുട്ടികള്‍ക്കൊക്കെ
വെട്ടം പരത്തുന്ന ഓര്‍മ്മകളുണ്ടാവും

|അവസ്ഥ|
നീയില്ലാത്ത ശൂന്യതയെ ദൈന്യതയെന്നല്ലാതെ
മറ്റെന്താണ് വിളിക്കാനാവുക ?


 ...........................................


ഓരോര്‍മ്മ ചിത്രം പോലും
കൊളുത്തിയിടാതെ നാടുവിട്ടവന്റെ ഏകാന്തത
ഗ്രാമ  നഗര വരമ്പില്‍ വണ്ടിയിറങ്ങുന്നു.

നിഷ്കളങ്കത മാഞ്ഞ്
തികഞ്ഞ യുവതിയായി ദേശം
വയസറിയിച്ചതയാള്‍
ഞൊടിയിടയില്‍ ഉള്‍ക്കൊള്ളുന്നു

വീടു വിട്ട് പോയവര്‍ തിരിച്ചു വരുമ്പോള്‍
കാഴ്ചയൊരു ജിഗ്സോ പസിലിന്റെ
അടുക്കി പെറുക്കാത്ത മുറിയാവും.

പാടങ്ങള്‍ തരിശ്ശുകളായി
തരിശ്ശുകള്‍ വീടുകളായി.
വീടുകള്‍ വീടുകള്‍ വീടുകള്‍
എണ്ണി പെറുക്കാനാവാത്ത മതിലുകള്‍ക്കിടയില്‍
ഒരുടല്‍ തകര്‍ന്ന കഷണങ്ങളുടെ
ഇനിയും നുറുങ്ങേണ്ട ചുറ്റപ്പെടലുകള്‍.
വീടുകള്‍ വീടുകള്‍ വീടുകള്‍

പോകെ പെരുവിരലില്‍ ഉടക്കി
എളുപ്പമളന്ന് അതിരുകള്‍ തുളച്ചു കേറ്റി
അകലത്തെ വലിച്ചു കീറിയുണ്ടാക്കിയ വഴികള്‍

നിന്നെ കാണാത്തതിനാല്‍ ചിരി കൊണ്ടു
മൂടിയിട്ട കരച്ചില്ലിന്റെ വിത്തുകളെ
കൊടുങ്കാറ്റിന്റെ ശാന്തതയിലേക്കഴിച്ച്
കിടത്തിയ വഴിയില്‍
ചതുപ്പുകള്‍ നിരത്തി
ചുറ്റി തിരിയുന്ന ക്ലോക്കുകള്‍

ഗദ്യത്തിന്‍റെ നെടുനീളന്‍ നിഴലുകളിലകപ്പെട്ട
പദ്യത്തിന്റെ വിടവുകളില്‍
തടഞ്ഞും നിവര്‍ന്നുമാണ്
നഗരജീവിതമെന്നായാള്‍ക്ക് നോട്ടിഫിക്കേഷന്‍ വരുന്നു.

ആഴത്തില്‍ കളഞ്ഞു പോയ പിഞ്ഞാണം
വെയിലില്‍ തപ്പാനിറങ്ങുമ്പോ
കണ്ണില്‍ തൊടുന്ന
വെട്ടത്തിന്റെ അലകളില്‍
തെളിയുന്ന ഹരണശിഷ്ടങ്ങള്‍

തട്ടി പോയ കവിതകളുടെ
ജഡം ഓര്‍മ്മയുടെ അയയില്‍ നനഞ്ഞു തുടങ്ങുന്നു

മോഷണം പോയ താഴ്വാരങ്ങളെ
കെട്ടഴിച്ചു വിട്ട പശുക്കള്‍ ഓര്‍ത്തു വെച്ചിരിക്കുവോ ?

കരയെടുത്ത തിരകള്‍
ആഴം തോണ്ടിയ മുങ്ങാംകുഴികളെ
കുമിളകുടുക്കുകളിലുടക്കി വെച്ചിരിക്കുമോ ?

മറന്നു പോയൊരു വിലാസത്തിന്‍റെ ഓര്‍മ്മയില്‍
ഞെട്ടി ഉണരാറുണ്ടാവുമോ മഷിതുള്ളികള്‍ ?

ഇടക്കാലത്ത് അറ്റുപോയ ഒറ്റക്കയ്യന്റെ
മറുകൈ പോലെ ഇപ്പോഴില്ലായെങ്കിലും
അനുഭവിക്കാനാവുന്ന
ചിലതൊക്കെ പോലെ മറ്റുചിലതുകള്‍
അയാള്‍ക്കൊപ്പം.

നനവിന്റെ അവസാന വേരുമടര്‍ത്തി
മരുഭൂമിയതിന്റെ നിത്യശൂന്യതയിലേക്ക് തിരിച്ചു പോരുന്നു.

കാണാതെ പോയ ഉമ്മകളുമായെത്തിയ
ഹിന്ദി പാട്ട് കേട്ടിട്ടും കേള്‍ക്കാത്തതുപോലെ
കടന്നുപോവുന്നു

ക്ഷീണത്തിന്‍റെ റൂഫുകളുള്ള
ഉറക്കത്തിന്‍റെ ഹള്‍ട്ടുകളിലൊക്കെയും
തള്ളവിരല്‍ ചീമ്പിയൊരു കുട്ടി നിന്ന് കൈവീശുന്നു

ചലനത്തിലകപ്പെട്ട പാട്ടുകള്‍ സ്വാഭാവിക അവസ്ഥയിലെങ്ങനെ
കേള്‍വിപ്പെടുമെന്ന് ചിന്തിച്ച്
ഉറക്കത്തിന്റെ നിശ്ചല സിദ്ധാന്തത്തിനു
പിടികൊടുത്ത് ശബ്ദങ്ങള്‍ക്കടിയില്‍ മുങ്ങികിടന്നു.

അയാളുറങ്ങിയിട്ടും രാത്രിവണ്ടി
കാത്തിരിപ്പുകളുടെ ചരക്കുവണ്ടിയായി തന്നെ തുടരുന്നു.

പാതിരാത്രിയുടെ പ്രതീകാത്മകളിലേകാന്തത.





നിശബ്ദതയുടെ കല്‍തുറുങ്കില്‍
മൗനത്തിനു കാതോര്‍ത്തൊരു നിഴല്‍രൂപം.

വെളിച്ചത്തെ ചങ്ങലയ്ക്കിട്ട
സൂതാര്യതയ്ക്കപ്പുറം കാഴ്ച്ചയെ
തടവിലാക്കിയൊരു ജനാല.

വൈദ്യുതിദീപ്തിയിലാഴ്ന്ന പെരുവഴിയിലെ
സ്തംഭിച്ച കൊള്ളിയാന്‍വെട്ടത്തില്‍
ഓരിയിട്ടോടുന്ന വേട്ടക്കുരകള്‍.

ഏകാന്തതയൂറ്റി കുടിച്ചു
ഹരിതശാന്തിയിലുറങ്ങുന്ന രാപക്ഷികൂട്ടം.

രാത്രി അലയുകയാണ്
പുലരിയുടെ പ്രണയവും തേടി.

പാതിരാവിന്‍റെ മാറാല കേറിയ
മൂലയിലൊറ്റയ്ക്കിരിക്കുന്നവന്‍റെ നിസ്സംഗതയില്‍
പ്രഹരമേല്‍പ്പിച്ചു വിരസത.

മൗനത്തിന്‍റെ മുഴക്കങ്ങളില്‍ നിന്നേറെയകലെ
വിജനതയുടെ ഗിരിശിഖരത്തില്‍
തലകീഴായൊരു അസ്വസ്ഥഹൃദയം.

മുറിവുകളേറ്റ ഊഷരഹൃദയത്തില്‍
പെയ്യാനാവാതെ മഴ മടങ്ങുന്നു .

മുഖം നഷ്ട്ടപ്പെട്ട പ്രതിബിംബത്തില്‍
നിന്നു ചോരവാര്‍ന്നു തുടങ്ങുമ്പോള്‍
കൈയ്യകലത്തിലെ കസേരയില്‍
വിഷം തേച്ച കത്തിയുമായി അപരന്‍.

അവരെ കാണാന്‍ പോവുമ്പോ



കണ്ണ് കാണാത്ത തിരമാലകളില്‍ തപ്പി തടഞ്ഞ്
നിലവില്‍ നക്ഷത്രങ്ങള്‍ പുറപ്പെട്ടു പോവുന്നതും
നോക്കി നീല ചില്ലുള്ള ജനാലയ്ക്കല്‍ കൈകളാഞ്ഞു കുത്തി
ആര്‍.ജെ റെയ്നോള്‍ഡ്സും പുകച്ച്
വ്യക്തികളില്‍ നിന്ന് വൈകാരിക ഞ്ഞട്ടുകള്‍ ഓരോന്നായി
ഊരി റിപബ്ലിക്കന്‍ രാജ്യം പോലെ
ചരിത്രത്തിലേക്ക് വീണുററങ്ങുകയാണ് പതിവ്

നരച്ച ചുവരുകളുള്ള വീട്ടുപടിക്കല്‍
ആരോയിട്ടു കൊടുത്ത ഉറക്കത്തിന്‍റെ തിരിച്ചടി
പോലുള്ള ഉണര്‍വില്‍ ഇടത്തേ കാല്‍ 
ഒരു പടി താഴേക്ക് ഇറക്കി
നഗരത്തിന്‍റെ കരി നിറമുള്ള മണ്ണിലേക്ക് നോട്ടം കുത്തി 
സാര്‍ത്തിന്റെ വരവിനെകുറിച്ച് ചിന്തിച്ചിരിക്കുകയാവു.
ഒരുപക്ഷെ ലൌര്‍മരിനിലെ പേരറിയാത്ത 
പൂക്കളുടെ ഗന്ധത്തിനു വലത്തെ കൈതാടിയിലേക്ക് 
കയറ്റി വെച്ച് സ്ഥലം കൊടുക്കുകയുമാവും

എത്യോപ്യയ്ക്കും,അള്‍ജീരിയയ്ക്കും ഇടയില്‍ വലിച്ചു കെട്ടിയ 

ഉന്മാദത്തിനു കീഴെ അല്‍ബേര്‍ കമ്യൂനേം,ആര്‍തര്‍ റിമ്പോയേം 
ഇരുവശങ്ങളിലും ഇരുത്തി 
രണ്ടു മിനുറ്റിനുള്ളില്‍ കിട്ടാന്‍ പോവുന്ന കാപ്പിക്ക് 
ഒഇലര്‍ റെസ്റ്റ്ററ്റിലെ രുചി തന്നെയായിരിക്കുമെന്ന് 
പ്രവചിക്കുകയാണ് മധ്യാഹ്നം

ഉറക്കം



ഇരുട്ടില്‍ നിന്‍റെ വരവറിയാന്‍
ഞാന്‍ തുടകള്‍ക്കിടയിലൊരു പട്ടിയെ ഞെരുക്കിവെയ്ക്കുന്നു

പതിവുകാരിയെന്ന നിലയിലതു നിന്നെ ഗൗനിക്കുന്നില്ല
പരിചയമെന്ന ചതി വഴിതിരിച്ചുവിട്ട കുരയുടെ
കരയില്‍ ഞാനുറങ്ങി തുടങ്ങുന്നു

നീ വരുമ്പോള്‍ പുതയ്ക്കാന്‍
വെച്ചിരുന്ന തുണിയ്ക്കടിയിലിപ്പോള്‍
ഉറങ്ങിപോയൊരു ഖനിയുടെ കൂര്‍ക്കം വലി കേള്‍ക്കാം


സ്ഥലകാലാതീതം


'All love letters are
Ridiculous.
They wouldn’t be love letters if they weren’t
Ridiculous.
.........................
.........................
.........................

But in fact
Only those who’ve never written
Love letters
Are
Ridiculous.'

Fernando Pessoa



അവിരാമമായ അവിചാരിതചിന്തകളുടെ
തനിയാവര്‍ത്തനസങ്കേതമാണ് മനുഷ്യഹൃദയം.
മഴയെപ്പറ്റി ചിന്തിച്ചു മരുഭൂമിയിലേയ്ക്കും ,
വെയിലിനെപ്പറ്റി ചിന്തിച്ചു മഴക്കാടുകള്‍
വരെയും അവ നീണ്ടേക്കാം .


വേനലില്‍ പച്ചയാവാനും ,
വസന്തത്തില്‍ ഉണങ്ങാനും
ഒരേ സമയമതിനു സാധിയ്ക്കുന്നു .


ബാര്‍ട്ടിക്ക് തീരത്തെ തണുപ്പന്‍ സയാത്ഹ്നം . ആകാശവും കടലും അസ്തമയസൂര്യന്‍റെ സിന്ദൂരശോഭയിലേയ്ക്കലിയുന്ന വിദൂരകാഴ്ചയില്‍ മിഴിപാകി അമാന്‍റെ നിര്‍വികാരനായി പിന്നിലേയ്ക്കു കൈകളാഞ്ഞു മണല്‍പരപ്പിലിരിയ്ക്കുന്നു.

അവസാനകീറു വെളിച്ചവും പാലായനം ചെയ്യുന്നതുവരെ അമാന്‍റെയതു തുടര്‍ന്നു.

കാറ്റിരമ്പുന്നുണ്ട്.തീരമൊരു നിഷ്കളങ്കബാല്യത്തിന്‍റെ കൗതുകത്തോടെ അമാന്‍റെയെ നോക്കിനില്‍ക്കുന്നു .

ഇരുട്ടിന്‍റെ കറുപ്പില്‍ നിഴല്‍ മുങ്ങിപോയതറിയാതെ അമാന്‍റെ നടപ്പു തുടരുകയാണ് .

നിശബ്ദവേഗതയിലെപ്പഴോ ആണ് ഓര്‍ക്കാപ്പുറത്തതു ഓര്‍ത്തുപോയത്.വേദനയോടെയല്ലെങ്കിലും കൗമാരം തന്നില്‍ പെയ്തുതോരുകയാണ് .

പ്രണയത്തിന്‍റെ വിത്തുകള്‍ വിതയ്ക്കേണ്ടിയിരിയ്ക്കുന്നു . ആഹ്ലാദത്തോടെ ഇലകളെ പരിചരിയ്ക്കണം . അസുലഭതയോടെയതു രുചിച്ചു ജീവിക്കണം .

അമാന്‍റെ കടല്‍പ്പാലത്തിന്‍റെ ഉപ്പുവെള്ളമടിച്ചു തുരുമ്പിച്ച തൂണുകളിലൊന്നില്‍ ചാരിയിരുന്നു ആലോചിച്ചു.

പ്രണയത്തിന്‍റെ ഒറ്റയടിപാതയിലൂടെ അമാന്‍റെയുടെ ചിന്തകള്‍ പാളംതെറ്റി യാത്ര തുടരുന്നു ..



അതേ സമയം |simultaneously ,


മക്ഡോണാള്‍ഡ് ഹില്‍വാലിയിലെ പ്രഭാതം . കോടമഞ്ഞു വീണുറഞ്ഞ നടപ്പാതകള്‍ പിന്നിട്ടു പലതരം കല്ലുകളടുക്കിയുറപ്പിച്ച തുരുത്തിലെ മരകസേരയില്‍ ചാരിയിരുന്നു സ്കാഷ് മഞ്ഞുമൂടിയ മലനിരകളിലേയ്ക്കു കാഴ്ചയെ മേയാന്‍ വിട്ടിരിയ്ക്കുന്നു.

കുറച്ചകലെയുള്ള പുരോഹിതരുടെ സത്രത്തില്‍ നിന്നു പ്രാര്‍ത്ഥനഗീതങ്ങള്‍ സ്കാഷിനു ചുറ്റും ഒഴുകിതുടങ്ങുന്നു .

കുന്നിന്‍ചെരുവിലാണ്‌ ഇരുന്നിരുന്നതെങ്കിലും അവള്‍ ഗ്രാനഡയിലെ കാളപ്പോരുകളെപ്പറ്റിയാണ്‌ ചിന്തിയ്ക്കുന്നത് .രക്തത്തിന്‍റെ പലതരം നിറഭേദങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുകയെന്നതവളുടെ പ്രിയവിനോദമാണ് .

ഗ്രാനഡയും കടന്നു നയാഗ്രയുടെ ഭീകരതയും പിന്നിട്ടു സ്കാഷിന്‍റെ ചിന്തകള്‍ ദിശനോക്കി നില്‍ക്കുമ്പോഴാണ് ഡേറോയുടെ ഗാനമവള്‍ ശ്രവിയ്ക്കുന്നത്.

സ്വാഭാവികമായും അവളും പ്രണയചിന്തകളിലേയ്ക്കു വലിച്ചിഴയ്ക്കപ്പെട്ടു. അതേ ! കൗമാരം തന്നെയും കൈയൊഴിയുകയാണ് .

പ്രണയത്തിന്‍റെ കാഴ്ചകളെ മനസ്സിലേയ്ക്കു പകര്‍ത്തണം . ക്യാന്‍വാസിലേയ്ക്കു നിറങ്ങള്‍ ചേര്‍ത്തു ചുഴറ്റിയെറിയണം. അതിന്‍റെ സ്വകാര്യആസ്വാദനത്തില്‍ ചിറകുകള്‍ വീണ്ടെടുത്തൊരു മാലാഖയായി എയിന്‍ജലകളുടെ തോട്ടങ്ങളിലെയ്ക്കു വിരുന്നുപോകണം .സ്കാഷ് ചിന്തകളെ പ്രണയത്തിന്‍റെ പുസ്തകത്തില്‍ വെച്ചടച്ചു .


ഒരേസമയം ഒന്നിലധികം ആളുകള്‍ പ്രണയത്തെപ്പറ്റി ചിന്തിയ്ക്കുന്നതു ഇതാദ്യമൊന്നുമല്ല .അതില്‍ യാതൊരു അസ്വഭാവികതയുമില്ല .

അതുകൊണ്ടു തന്നെ ജര്‍മ്മന്‍ തീരത്തിരുന്നു അമാന്‍റെ എന്ന കവിയും , സ്പെയിന്‍ താഴ്വാരത്തിലിരുന്നു സ്കാഷെന്ന ചിത്രകാരിയും ഒരേ സമയം പ്രണയത്തെപ്പറ്റി ചിന്തിച്ചുവെന്നതിലപ്പുറം ഇരുവരും തമ്മില്‍ യാദൃശ്ചികമായി ഒന്നും തന്നെയില്ല . ഉണ്ടാവുകയും ഇല്ല .

ആയതിനാലിവിടെ പ്രണയത്തിനുപോലും
യാതൊരു പ്രസക്തിയുമില്ല.


അമാന്‍റെ കടല്‍താഴ്വരയിലിരുന്നു ഉറക്കത്തിലേയ്ക്കു നങ്കൂരമിട്ടു . പ്രഭാതമെങ്കിലും കുന്നിന്‍തീരത്തിരുന്നു സ്കാഷും ഉറക്കത്തിലേയ്ക്കു വഴുതി.

അമാന്‍റെയുടെ സ്വപ്നങ്ങളില്‍ മാര്‍ക്കാന്റണിയും , സീസറും , ക്ലിയോപാട്രയുമൊക്കെ ചലച്ചിത്രങ്ങളായി.

ഡയാനയും , അന്നാകരിനീനയും മിന്നിമറയുന്നു . ഡസ്ഡിമോണ ഉറക്കെയുച്ചത്തില്‍ ചിരിയ്ക്കുന്നു.

എന്തിനധികം പറയണം റൊമാനിയില്‍ എഴുതുകയും , വായിക്കുകയും , ചിന്തിയ്ക്കുകയും ചെയ്യുന്ന
അമാന്‍റെയുടെ സ്വപ്നത്തില്‍ ചങ്ങമ്പുഴയും , രമണനും വരെ കേറിവന്നു .

അതേ സമയത്ത് || again simultaneously ,


സ്കാഷിന്റെ സ്വപ്നത്തില്‍ നിക്കോളാസും , വാന്‍ഗോങ്ങും ,മോണാലിസയും അങ്ങനെ അങ്ങനെ ആരൊക്കെയോ വന്നുപോയി കൊണ്ടിരുന്നു .

സ്വപ്നത്തിന്‍റെ ഇന്‍റെര്‍വലിനു ശേഷമായിരുന്നു പിക്കാസോയുടെ മാസ് ഇന്‍ട്രോ . "ചരിത്രസ്മാരകത്തെ പ്രണയിച്ചതാണെന്‍റെ പരാജയമെന്നു" പിക്കാസോയെ പറ്റി ഫ്രാന്‍സ്വാസ് പറഞ്ഞതു ഇടയ്ക്കിടയ്ക്കു എക്കോ അടിച്ചു കേള്‍ക്കുന്നു .


ഒരേസമയം ഒന്നിലധികം ആളുകള്‍ തങ്ങളുടെ മേഖലകളിലൂടെ പ്രണയസ്വപ്നങ്ങള്‍ കാണുന്നത് ഇതാദ്യമൊന്നുമല്ല. അതു കൊണ്ടിവിടെയും അസ്വാഭാവികതയുടെ സാധ്യതകള്‍ നിഷ്പ്രഭം ആവുന്നു .

ഉറക്കത്തില്‍ വെച്ചു അമാന്‍റെയുടെയും , സ്കാഷിന്റെയും പ്രണയങ്ങളുണരുന്നു .
പുറത്തേയ്ക്കു നടക്കുന്നു .

അരണ്ടവെളിച്ചത്തില്‍ നെരുദയുടെ കവിത വായിച്ചുമ്മറത്തിരുന്ന മുക്കുവപയ്യനിലേയ്ക്കു അമാന്‍റെയുടെ പ്രണയം കുടിയൊഴിയ്ക്കപ്പെട്ടു .

സ്കാഷിന്റെ പ്രണയം അസേലിയാ തോട്ടത്തില്‍ പൂക്കളിറുത്തു നിന്നിരുന്ന പെണ്‍കുട്ടിയിലേയ്ക്കും .

ഇപ്പോള്‍ അമാന്‍റെയും , സ്കാഷും പ്രണയവിമുക്തരാണ് .

ഇതാദ്യമൊന്നുമല്ല ഒരേസമയം ഒന്നിലധികം ആളുകള്‍ പ്രണയവിമുക്തരാവുന്നത്. അതുകൊണ്ടിവിടെ അതിശയോക്തിയുടെ ആവിശ്യവുമുണ്ടെന്നു തോന്നുന്നില്ല .


അസ്വാഭാവികചിന്തകളിലൂടെ ഇതാദ്യമൊന്നുമല്ല ഞാന്‍ കടന്നു പോകുന്നത് . അതുകൊണ്ടിതെഴുതുമ്പോള്‍ എനിയ്ക്കൊട്ടും അപരിചിതത്വവും ഇല്ല.


അത്രമേല്‍ അപരിചിതമായ ഇടങ്ങളില്‍ അവിചാരിതമായി ആളുകള്‍ പ്രണയബന്ധരാവുമ്പോള്‍ അസ്വഭാവികതയുമൊരു അസംബന്ധമല്ലെ ?

അക്വേറിയം

'വെള്ളത്തില്‍ നീന്തുന്നൊരു 
മത്സ്യത്തെ നിരീക്ഷിക്കുമ്പോള്‍ 
നാമും അതുപോലൊരു മാധ്യമത്തിലാണെന്ന്
നാം ശ്രദ്ധിക്കുന്നില്ല'
 - മേതില്‍



നനഞ്ഞ മണ്ണില്‍ കൊത്തുമ്പോ
ഊറി പൊങ്ങുന്ന തരികളുടെ
വെളിച്ചത്തിലൂടെയാണ് മീനുകളുടെ പാത

ഭൂപടത്തിലുടനീളം തെളിച്ചത്തിന്‍റെ മൈല്‍കുറ്റികളാണ് ,
നക്ഷത്രവേട്ടക്കാരനിലുള്ള കൊളുത്തുകള്‍
പോലെയവയിലെ തിരിവുകള്‍

വാലനക്കത്തില്‍ രണ്ടായി വിഭജിക്കപ്പെടുന്ന
കുന്നുകള്‍ക്കിടയില്‍ സമതലത്തിന്‍റെ ചുളിവുകള്‍,
നിരപ്പിലെ പടവുകള്‍ പോലെയവക്കുള്ളില്‍ ച്യൂതി.

യാത്ര അവിടെയൊരു ശ്വാസകല മാത്രമാണ്.
അവരോഹണത്തില്‍ തകര്‍ന്നതാണ്
ദൂരത്തിന്‍റെ പൗരാണികത

ഭിത്തികള്‍ക്കിടയില്‍ ഉടലിനെയുടച്ച്‌
അരികുകളുടെ ച്ഛായാഗ്രഹണം

കടലുപ്പില്‍ കഴുവേറിയതാവണം മറവിയുടെ ചലനം.
ഓരോ നീക്കത്തിലും മായ്ക്കപ്പെടുകയാണ്
തൊട്ടുമുന്‍പെന്ന അടയാളം ,
വീണ്ടുമോന്നെന്നഴിയുകയാണ് തുടര്‍ച്ചയുടെ ഗതി.

ചില്ലിന്റെ ചെതുമ്പലുകളില്‍ നിന്ന് ഇറങ്ങി
പോരാനാവാതെ പ്രതിബിംബങ്ങളുടെ നൃത്തം.

ജലത്തിന്‍റെ സുഷിരങ്ങള്‍ക്കുള്ളില്‍ നരച്ച അണക്കെട്ടുകളാണ് , 
അതിലൊഴുകനാവാതെ മുങ്ങി കിടക്കുന്നവരെ
മിണ്ടാതെ തിന്നുകയാണ് പ്രളയത്തിന്‍റെ ദൂരം.

അവരതറിയുന്നു കൂടിയില്ല !

വീട്ടിലേക്കെത്താത്ത വഴി

ഓര്‍മ്മയിപ്പോഴും കുളിയ്ക്കാനിറങ്ങിയിരുന്ന
കടവിലെ പൊത്തിലിരിക്കുന്ന നീര്‍ക്കോലിയാണ്.
മീന്‍മണത്തിനോ, സോപ്പ് പതയിലോ
പോലും തലനീട്ടിയിര തേടുന്നയൊന്ന്
 
കറികത്തിയുടെ വീശലിലോ,
കാല്‍പ്പത്തിയുടെ ഉടയ്ക്കലിലോ
പൊത്തു വിട്ട് മരിച്ചു പോയവരുടെയും,
മാറ്റി പണിയപ്പെട്ടവരുടെയും
ഉടലുകള്‍ക്കിടയിലൂടെയാഞ്ഞാഞ്ഞു പുളഞ്ഞുതീരുന്നയൊന്ന്

അതെ ! ഓര്‍ക്കാപ്പുറങ്ങളുടെ തൊലിയ്ക്കിപ്പോഴും
നാട്വിട്ടപ്പോള്‍ പൊഴിച്ചിട്ട പടത്തിന്റെ മണമാണ്.
Powered by Blogger.