വാഴ്വേ മായം

വെള്ളത്തിലെ മോണറ്റും വെള്ളത്തിനടിയിലെ വാൻഗോഗും .



ലാ ഹാവേരയിൽ ചോളം വാങ്ങാനെത്തി 

രാജ രാജ ചോളനെന്ന പാട്ടുമിട്ട് 

സെയിൻ നദിക്കരയിലിരിക്കെ 

അകലങ്ങളിലൊഴുകിയൊഴുകിയിളകുന്നൊരു 

തടിവഞ്ചി കാണുന്നു.

അതിലൊരു തടിയൻ ബ്രെഷുമായിരുന്ന് 

ജലനിലയെ വരയ്ക്കുന്ന ക്ലൊഡ് മോണറ്റിനെയും.


ഓരോ ഋതുവിലും ജലത്തിലേക്ക് 

കലാപകാലത്തെ 

രക്തത്തിന്റെ തോതെന്നപോലെ നേർത്തും ,

ചുമന്നുമൊഴുകുന്ന സെയിൻ.


ഉറക്കത്തിലകപ്പെട്ടൊരു കുഞ്ഞിനോടെന്ന പോലെ 

ശാന്തതയിലുറ്റുനോക്കി ഒഴുക്കിന്റെയിലകളെ

മോണറ്റ് ക്യാൻവാസിൽ പകർത്തുന്നു.


ഈസൽത്തട്ടിലപ്പോൾ ഫ്രാൻസ്സിന്റെ 

തിരുമുറിവുകളിലുറവയുള്ള 

ചിന്നിയ വെളിച്ചത്തിന്റെ തുണ്ടുകളായി 

ഇമ്പാസ്റ്റോ മുനമ്പുകളിലേക്ക് 

ഒഴുകി നിറയുന്ന സെയിൻ.


നോക്കിനോക്കിയിരിക്കെ കടവിലടിയുന്ന 

അന്തമില്ലാത്ത സൂര്യകാന്തിയിതളുകൾ 

പിന്തുടരാനുള്ള തീരുമാനം വിരസതയുടെതായിരുന്നു.


അരികുചേർന്ന്

ഇതളുകൾ കുരുക്കിയെടുത്ത് 

സെയിനിന്റെ ചെരിവുകൾ നടന്നുകയറി.


ഓരോ ഇതളിനും വാൻഗോഗിന്റെ 

മണമായിരുന്നു.


ലാറ്റിനമേരിക്കകാരിയുടെ നെറ്റിയുടെ 

നിറമുള്ള ഗോതമ്പുപാടങ്ങൾ കടന്ന് ,

വിഷാദം തൂവുന്ന മഞ്ഞചുമരുകളുള്ള 

തെരുവുകൾ കടന്ന് ,

പോൾ ഗൗഗിന്റെ നിഴലുകളിപ്പോഴുമുള്ള 

കാപ്പിക്കടകൾ കടന്ന് ,

വൈക്കോൽക്കൂനയിൽ മുഖം വെച്ചുറങ്ങുന്ന 

ഖനിതൊഴിലാളികളെ കടന്ന് ,

കുതിരവണ്ടികൾ പാലം കടന്നുപോവാൻ 

കാത്തുനിക്കുന്ന ഉരുളക്കിഴങ്ങു തീറ്റക്കാരെ കടന്ന് ,

നിലയിൽ മഞ്ഞച്ച ആകാശത്തിനു കീഴെ 

ദുഃഖിതനായിരിക്കുന്ന തീയോയെ 

കണ്ടില്ലെന്നു നടിച്ച് 

ഇതളുകൾ തുന്നിച്ചേർത്ത 

ഭൂപടത്തിലൂടെയൊരു നദിയുടലാരോഹണം.


നോട്ടമെത്തുന്നയിടത്തു നിന്ന് തോണിയും 

മോണറ്റും മറഞ്ഞിരുന്നു.


ഉടുപ്പ് നിറയെ സൂര്യകാന്തിയിതളുകൾ 

ഇറുകെപ്പിടിച്ചു നടപ്പ് തുടരുന്നു.


കാടിനടിവാരമെത്തുമ്പോ കര തീരുന്നു,

പുഴ മാത്രമാവുന്നു.

ആഴത്തിലെവിടെയോ നിന്ന് പൂക്കളയുർത്തു വരുന്നു.

ഒഴുക്കിലവ തകർന്ന് ഇതളുകളായി പിരിയുന്നു.


ഇതളുകൾ കൂട്ടിയെടുത്ത് ഞാനുമൊരു 

പൂവായി വിരിഞ്ഞു തുടങ്ങുന്നു.


ആഴത്തിലേക്ക് മുങ്ങിച്ചെന്ന് 

സെയിനിന്റെ അടിവയറ്റിൽ 

തൊടുമ്പോൾ തലയില്ലാത്തൊരു ഉടൽ 

അടിത്തട്ടിലുറഞ്ഞു കിടക്കുന്നു .


ചുറ്റും മഞ്ഞയിൽ തുടിച്ച

പ്രതലം.


മഞ്ഞപൂവുകൾ / പുറ്റുകൾ /

മീനുകൾ/ മറുകുകൾ.


തലയുടെ വിടവിലേക്ക് 

കൈയിലടിഞ്ഞയിതളുകൾ കുടഞ്ഞിട്ടു.

ജിഗ്‌സോ പോലെയവ ചേരുമ്പോൾ 

ഉന്മാദത്തിലുറങ്ങുന്ന വാൻഗോഗിനെ കാണാം.



വിഷാദത്തിന്റെ നീലമയമുള്ള വാൻഗോഗ്.

ഒരു കൈകൊണ്ട് വേദനയെ പൊത്തി വെച്ച ചെവി.


അറ്റുപോയ ചെവിയിൽ നിന്ന് നസ്രാണിപ്പുകപ്പോലെ 

മുകളിലേക്ക് പറക്കുന്ന രക്തം.


ജീവിതത്തിലധികം ഉറങ്ങിയിട്ടില്ലാത്തൊരാളെ 

ഉണർത്താൻ നിന്നില്ല.


മനഞ്ഞിലുകൾക്കൊപ്പം നീന്തി എത്രയും വേഗം 

നീന്തി മോണറ്റിന്റെ തോണി പിടിയ്ക്കണം.


മുങ്ങിപൊങ്ങി മഞ്ഞയിറ്റുന്ന കൈ കൊണ്ട് 

തോണിയുടെ വശമുലച്ച് , 

മുഖമുയർത്തി വാൻഗോഗിന്റെ രക്തത്തിലേക്കധികം 

നീലചായം കലർത്തരുതെന്നു മോണറ്റിനോട് പറയണം.


ഉറക്കത്തിലേക്കെങ്കിലും വിഷാദം 

പിടച്ചു കയറാതിരിക്കട്ടെ.


Powered by Blogger.