വാഴ്വേ മായം

അണ്ടർ ദി മിൽക്ക്വുഡ്

ഇഷ്ട്ടപ്പെട്ട എഴുത്തുകാരാരെണെന്നു
ചോദിക്കുമ്പോൾ പഞ്ചുള്ള പേരുകൾ
റയണമെന്ന ആശയിലാണ്
ചാൾസ് ബുക്കോസ്കിയെയും ഡിലൻ തോമസിനെയും
വായിക്കാനെടുക്കുന്നത്.

രണ്ടും വിഷാദത്തിന്റെ നാട്ടുകാർ ,
വെള്ളമടിയിൽ കില്ലാടികൾ ,
ചിരിച്ചുകൊണ്ട് ദുഃഖത്തിന്റെ മൂക്കിലിടിക്കുന്നവർ .
ബുക്കോസ്‌കിയെ വായിക്കുന്ന രാത്രികളികൾ
ഞാനുമൊരു അസാമാന്യമനുഷ്യനാണെന്ന
തോന്നൽ വന്നു വീഴും.

അതിലേക്ക് ഐസെന്ന പോലെ
വാവട്ടമുള്ള ഗ്ലാസിൽ പിന്നെയും
*കുറ്റിസാക്ക് സിപ്പടിച്ചു കുടിക്കും.
ആ നേരം ചാർളി ചാപ്ലിനടുത്ത്
വന്നിരുന്നാൽ പോലും
എണീറ്റ് പോ ഉവ്വേന്നു പറയും.

സീ ഞങ്ങ കൊടൂരസൈദ്ധാന്തികരങ്ങനെ
ചിരിക്കാറില്ലല്ലോ.
'Alone With Everybody' എന്നാണല്ലോ
ബുക്കോസ്ക്കിയൻ ഡിക്ഷണറിയിൽ
ജീവിതത്തിന്റെ ധിഷണാവിലാസം തന്നെ.

ഡിലൻ തോമസിനെ വായിക്കുന്ന
പകലുകളിൽ ചൂട് ദോശക്കല്ലിൽ
മൊരിയിച്ചെടുക്കുന്ന ഉൾക്കൊള്ളലുകൾ
ചങ്കിലങ്ങനെ വന്നു നിറയും.

ഹൈവോൾട്ടേജിൽ സങ്കടത്തിന്റെ
കിളിമാഞ്ചോരോയിലേക്ക്
ട്രെക്കിങ്ങിനിറങ്ങിയ ഷൈൻ ടോം ചാക്കോയാണ്
ജീവിതമെന്നപ്പോൾ തോന്നും.
തർക്കോവോസ്ക്കിയൻ സിനിമയിൽ
സങ്കടം വന്നു നിറയുന്നപോലെ
പ്രസന്നമായി കാലുകൾ വരെ നനയും.

'Do not go gentle into that good night' ന്ന്
ഡിലൻ തോമസ് വന്നു പറയാൻ കാത്തിരിക്കും
അടുത്ത തെരുവിലേക്കിറങ്ങി വാറ്റ് അന്വേഷിക്കാൻ.
ഈ പകലും രാത്രിയും കഴിഞ്ഞാരേലും
ഇഷ്ട്ടപ്പെട്ട എഴുത്തുകാരെ തിരക്കിയാൽ
ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് കടന്നുപോയേക്കും.
ഇമ്മാതിരി സില്ലി ചോദ്യങ്ങളോട്
വാചാലരാവാൻ
സോ കോൾഡ് ബുദ്ധിജീവികളെ കിട്ടുമാരിക്കും.
ഞങ്ങ സോ ഹോട്ട് മിസ്റ്റിക്ക് സന്തതികൾ
അതുക്കും മേലെയാണ് ,
വിസ്‌കി തീരുന്നതുവരെ
അതങ്ങനെ തന്നാരിക്കുകയും ചെയ്‌യും.

_____________________________________________

Under Milk Wood- ഡിലൻ തോമസിന്റെ നാടകം.
'Do not go gentle into that good night' - ഡിലൻ തോമസിന്റെ കവിത.
Alone With Everybody' - ബുക്കോസ്ക്കിയൻ കവിത.
*കുറ്റിസാക്ക് -Cutty Sark - വിസ്‌കി 
Powered by Blogger.