വാഴ്വേ മായം

അക്വേറിയം

'വെള്ളത്തില്‍ നീന്തുന്നൊരു 
മത്സ്യത്തെ നിരീക്ഷിക്കുമ്പോള്‍ 
നാമും അതുപോലൊരു മാധ്യമത്തിലാണെന്ന്
നാം ശ്രദ്ധിക്കുന്നില്ല'
 - മേതില്‍



നനഞ്ഞ മണ്ണില്‍ കൊത്തുമ്പോ
ഊറി പൊങ്ങുന്ന തരികളുടെ
വെളിച്ചത്തിലൂടെയാണ് മീനുകളുടെ പാത

ഭൂപടത്തിലുടനീളം തെളിച്ചത്തിന്‍റെ മൈല്‍കുറ്റികളാണ് ,
നക്ഷത്രവേട്ടക്കാരനിലുള്ള കൊളുത്തുകള്‍
പോലെയവയിലെ തിരിവുകള്‍

വാലനക്കത്തില്‍ രണ്ടായി വിഭജിക്കപ്പെടുന്ന
കുന്നുകള്‍ക്കിടയില്‍ സമതലത്തിന്‍റെ ചുളിവുകള്‍,
നിരപ്പിലെ പടവുകള്‍ പോലെയവക്കുള്ളില്‍ ച്യൂതി.

യാത്ര അവിടെയൊരു ശ്വാസകല മാത്രമാണ്.
അവരോഹണത്തില്‍ തകര്‍ന്നതാണ്
ദൂരത്തിന്‍റെ പൗരാണികത

ഭിത്തികള്‍ക്കിടയില്‍ ഉടലിനെയുടച്ച്‌
അരികുകളുടെ ച്ഛായാഗ്രഹണം

കടലുപ്പില്‍ കഴുവേറിയതാവണം മറവിയുടെ ചലനം.
ഓരോ നീക്കത്തിലും മായ്ക്കപ്പെടുകയാണ്
തൊട്ടുമുന്‍പെന്ന അടയാളം ,
വീണ്ടുമോന്നെന്നഴിയുകയാണ് തുടര്‍ച്ചയുടെ ഗതി.

ചില്ലിന്റെ ചെതുമ്പലുകളില്‍ നിന്ന് ഇറങ്ങി
പോരാനാവാതെ പ്രതിബിംബങ്ങളുടെ നൃത്തം.

ജലത്തിന്‍റെ സുഷിരങ്ങള്‍ക്കുള്ളില്‍ നരച്ച അണക്കെട്ടുകളാണ് , 
അതിലൊഴുകനാവാതെ മുങ്ങി കിടക്കുന്നവരെ
മിണ്ടാതെ തിന്നുകയാണ് പ്രളയത്തിന്‍റെ ദൂരം.

അവരതറിയുന്നു കൂടിയില്ല !
Powered by Blogger.