വാഴ്വേ മായം

സ്ഥലകാലാതീതം


'All love letters are
Ridiculous.
They wouldn’t be love letters if they weren’t
Ridiculous.
.........................
.........................
.........................

But in fact
Only those who’ve never written
Love letters
Are
Ridiculous.'

Fernando Pessoa



അവിരാമമായ അവിചാരിതചിന്തകളുടെ
തനിയാവര്‍ത്തനസങ്കേതമാണ് മനുഷ്യഹൃദയം.
മഴയെപ്പറ്റി ചിന്തിച്ചു മരുഭൂമിയിലേയ്ക്കും ,
വെയിലിനെപ്പറ്റി ചിന്തിച്ചു മഴക്കാടുകള്‍
വരെയും അവ നീണ്ടേക്കാം .


വേനലില്‍ പച്ചയാവാനും ,
വസന്തത്തില്‍ ഉണങ്ങാനും
ഒരേ സമയമതിനു സാധിയ്ക്കുന്നു .


ബാര്‍ട്ടിക്ക് തീരത്തെ തണുപ്പന്‍ സയാത്ഹ്നം . ആകാശവും കടലും അസ്തമയസൂര്യന്‍റെ സിന്ദൂരശോഭയിലേയ്ക്കലിയുന്ന വിദൂരകാഴ്ചയില്‍ മിഴിപാകി അമാന്‍റെ നിര്‍വികാരനായി പിന്നിലേയ്ക്കു കൈകളാഞ്ഞു മണല്‍പരപ്പിലിരിയ്ക്കുന്നു.

അവസാനകീറു വെളിച്ചവും പാലായനം ചെയ്യുന്നതുവരെ അമാന്‍റെയതു തുടര്‍ന്നു.

കാറ്റിരമ്പുന്നുണ്ട്.തീരമൊരു നിഷ്കളങ്കബാല്യത്തിന്‍റെ കൗതുകത്തോടെ അമാന്‍റെയെ നോക്കിനില്‍ക്കുന്നു .

ഇരുട്ടിന്‍റെ കറുപ്പില്‍ നിഴല്‍ മുങ്ങിപോയതറിയാതെ അമാന്‍റെ നടപ്പു തുടരുകയാണ് .

നിശബ്ദവേഗതയിലെപ്പഴോ ആണ് ഓര്‍ക്കാപ്പുറത്തതു ഓര്‍ത്തുപോയത്.വേദനയോടെയല്ലെങ്കിലും കൗമാരം തന്നില്‍ പെയ്തുതോരുകയാണ് .

പ്രണയത്തിന്‍റെ വിത്തുകള്‍ വിതയ്ക്കേണ്ടിയിരിയ്ക്കുന്നു . ആഹ്ലാദത്തോടെ ഇലകളെ പരിചരിയ്ക്കണം . അസുലഭതയോടെയതു രുചിച്ചു ജീവിക്കണം .

അമാന്‍റെ കടല്‍പ്പാലത്തിന്‍റെ ഉപ്പുവെള്ളമടിച്ചു തുരുമ്പിച്ച തൂണുകളിലൊന്നില്‍ ചാരിയിരുന്നു ആലോചിച്ചു.

പ്രണയത്തിന്‍റെ ഒറ്റയടിപാതയിലൂടെ അമാന്‍റെയുടെ ചിന്തകള്‍ പാളംതെറ്റി യാത്ര തുടരുന്നു ..



അതേ സമയം |simultaneously ,


മക്ഡോണാള്‍ഡ് ഹില്‍വാലിയിലെ പ്രഭാതം . കോടമഞ്ഞു വീണുറഞ്ഞ നടപ്പാതകള്‍ പിന്നിട്ടു പലതരം കല്ലുകളടുക്കിയുറപ്പിച്ച തുരുത്തിലെ മരകസേരയില്‍ ചാരിയിരുന്നു സ്കാഷ് മഞ്ഞുമൂടിയ മലനിരകളിലേയ്ക്കു കാഴ്ചയെ മേയാന്‍ വിട്ടിരിയ്ക്കുന്നു.

കുറച്ചകലെയുള്ള പുരോഹിതരുടെ സത്രത്തില്‍ നിന്നു പ്രാര്‍ത്ഥനഗീതങ്ങള്‍ സ്കാഷിനു ചുറ്റും ഒഴുകിതുടങ്ങുന്നു .

കുന്നിന്‍ചെരുവിലാണ്‌ ഇരുന്നിരുന്നതെങ്കിലും അവള്‍ ഗ്രാനഡയിലെ കാളപ്പോരുകളെപ്പറ്റിയാണ്‌ ചിന്തിയ്ക്കുന്നത് .രക്തത്തിന്‍റെ പലതരം നിറഭേദങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുകയെന്നതവളുടെ പ്രിയവിനോദമാണ് .

ഗ്രാനഡയും കടന്നു നയാഗ്രയുടെ ഭീകരതയും പിന്നിട്ടു സ്കാഷിന്‍റെ ചിന്തകള്‍ ദിശനോക്കി നില്‍ക്കുമ്പോഴാണ് ഡേറോയുടെ ഗാനമവള്‍ ശ്രവിയ്ക്കുന്നത്.

സ്വാഭാവികമായും അവളും പ്രണയചിന്തകളിലേയ്ക്കു വലിച്ചിഴയ്ക്കപ്പെട്ടു. അതേ ! കൗമാരം തന്നെയും കൈയൊഴിയുകയാണ് .

പ്രണയത്തിന്‍റെ കാഴ്ചകളെ മനസ്സിലേയ്ക്കു പകര്‍ത്തണം . ക്യാന്‍വാസിലേയ്ക്കു നിറങ്ങള്‍ ചേര്‍ത്തു ചുഴറ്റിയെറിയണം. അതിന്‍റെ സ്വകാര്യആസ്വാദനത്തില്‍ ചിറകുകള്‍ വീണ്ടെടുത്തൊരു മാലാഖയായി എയിന്‍ജലകളുടെ തോട്ടങ്ങളിലെയ്ക്കു വിരുന്നുപോകണം .സ്കാഷ് ചിന്തകളെ പ്രണയത്തിന്‍റെ പുസ്തകത്തില്‍ വെച്ചടച്ചു .


ഒരേസമയം ഒന്നിലധികം ആളുകള്‍ പ്രണയത്തെപ്പറ്റി ചിന്തിയ്ക്കുന്നതു ഇതാദ്യമൊന്നുമല്ല .അതില്‍ യാതൊരു അസ്വഭാവികതയുമില്ല .

അതുകൊണ്ടു തന്നെ ജര്‍മ്മന്‍ തീരത്തിരുന്നു അമാന്‍റെ എന്ന കവിയും , സ്പെയിന്‍ താഴ്വാരത്തിലിരുന്നു സ്കാഷെന്ന ചിത്രകാരിയും ഒരേ സമയം പ്രണയത്തെപ്പറ്റി ചിന്തിച്ചുവെന്നതിലപ്പുറം ഇരുവരും തമ്മില്‍ യാദൃശ്ചികമായി ഒന്നും തന്നെയില്ല . ഉണ്ടാവുകയും ഇല്ല .

ആയതിനാലിവിടെ പ്രണയത്തിനുപോലും
യാതൊരു പ്രസക്തിയുമില്ല.


അമാന്‍റെ കടല്‍താഴ്വരയിലിരുന്നു ഉറക്കത്തിലേയ്ക്കു നങ്കൂരമിട്ടു . പ്രഭാതമെങ്കിലും കുന്നിന്‍തീരത്തിരുന്നു സ്കാഷും ഉറക്കത്തിലേയ്ക്കു വഴുതി.

അമാന്‍റെയുടെ സ്വപ്നങ്ങളില്‍ മാര്‍ക്കാന്റണിയും , സീസറും , ക്ലിയോപാട്രയുമൊക്കെ ചലച്ചിത്രങ്ങളായി.

ഡയാനയും , അന്നാകരിനീനയും മിന്നിമറയുന്നു . ഡസ്ഡിമോണ ഉറക്കെയുച്ചത്തില്‍ ചിരിയ്ക്കുന്നു.

എന്തിനധികം പറയണം റൊമാനിയില്‍ എഴുതുകയും , വായിക്കുകയും , ചിന്തിയ്ക്കുകയും ചെയ്യുന്ന
അമാന്‍റെയുടെ സ്വപ്നത്തില്‍ ചങ്ങമ്പുഴയും , രമണനും വരെ കേറിവന്നു .

അതേ സമയത്ത് || again simultaneously ,


സ്കാഷിന്റെ സ്വപ്നത്തില്‍ നിക്കോളാസും , വാന്‍ഗോങ്ങും ,മോണാലിസയും അങ്ങനെ അങ്ങനെ ആരൊക്കെയോ വന്നുപോയി കൊണ്ടിരുന്നു .

സ്വപ്നത്തിന്‍റെ ഇന്‍റെര്‍വലിനു ശേഷമായിരുന്നു പിക്കാസോയുടെ മാസ് ഇന്‍ട്രോ . "ചരിത്രസ്മാരകത്തെ പ്രണയിച്ചതാണെന്‍റെ പരാജയമെന്നു" പിക്കാസോയെ പറ്റി ഫ്രാന്‍സ്വാസ് പറഞ്ഞതു ഇടയ്ക്കിടയ്ക്കു എക്കോ അടിച്ചു കേള്‍ക്കുന്നു .


ഒരേസമയം ഒന്നിലധികം ആളുകള്‍ തങ്ങളുടെ മേഖലകളിലൂടെ പ്രണയസ്വപ്നങ്ങള്‍ കാണുന്നത് ഇതാദ്യമൊന്നുമല്ല. അതു കൊണ്ടിവിടെയും അസ്വാഭാവികതയുടെ സാധ്യതകള്‍ നിഷ്പ്രഭം ആവുന്നു .

ഉറക്കത്തില്‍ വെച്ചു അമാന്‍റെയുടെയും , സ്കാഷിന്റെയും പ്രണയങ്ങളുണരുന്നു .
പുറത്തേയ്ക്കു നടക്കുന്നു .

അരണ്ടവെളിച്ചത്തില്‍ നെരുദയുടെ കവിത വായിച്ചുമ്മറത്തിരുന്ന മുക്കുവപയ്യനിലേയ്ക്കു അമാന്‍റെയുടെ പ്രണയം കുടിയൊഴിയ്ക്കപ്പെട്ടു .

സ്കാഷിന്റെ പ്രണയം അസേലിയാ തോട്ടത്തില്‍ പൂക്കളിറുത്തു നിന്നിരുന്ന പെണ്‍കുട്ടിയിലേയ്ക്കും .

ഇപ്പോള്‍ അമാന്‍റെയും , സ്കാഷും പ്രണയവിമുക്തരാണ് .

ഇതാദ്യമൊന്നുമല്ല ഒരേസമയം ഒന്നിലധികം ആളുകള്‍ പ്രണയവിമുക്തരാവുന്നത്. അതുകൊണ്ടിവിടെ അതിശയോക്തിയുടെ ആവിശ്യവുമുണ്ടെന്നു തോന്നുന്നില്ല .


അസ്വാഭാവികചിന്തകളിലൂടെ ഇതാദ്യമൊന്നുമല്ല ഞാന്‍ കടന്നു പോകുന്നത് . അതുകൊണ്ടിതെഴുതുമ്പോള്‍ എനിയ്ക്കൊട്ടും അപരിചിതത്വവും ഇല്ല.


അത്രമേല്‍ അപരിചിതമായ ഇടങ്ങളില്‍ അവിചാരിതമായി ആളുകള്‍ പ്രണയബന്ധരാവുമ്പോള്‍ അസ്വഭാവികതയുമൊരു അസംബന്ധമല്ലെ ?
Powered by Blogger.