വാഴ്വേ മായം

 ...........................................


ഓരോര്‍മ്മ ചിത്രം പോലും
കൊളുത്തിയിടാതെ നാടുവിട്ടവന്റെ ഏകാന്തത
ഗ്രാമ  നഗര വരമ്പില്‍ വണ്ടിയിറങ്ങുന്നു.

നിഷ്കളങ്കത മാഞ്ഞ്
തികഞ്ഞ യുവതിയായി ദേശം
വയസറിയിച്ചതയാള്‍
ഞൊടിയിടയില്‍ ഉള്‍ക്കൊള്ളുന്നു

വീടു വിട്ട് പോയവര്‍ തിരിച്ചു വരുമ്പോള്‍
കാഴ്ചയൊരു ജിഗ്സോ പസിലിന്റെ
അടുക്കി പെറുക്കാത്ത മുറിയാവും.

പാടങ്ങള്‍ തരിശ്ശുകളായി
തരിശ്ശുകള്‍ വീടുകളായി.
വീടുകള്‍ വീടുകള്‍ വീടുകള്‍
എണ്ണി പെറുക്കാനാവാത്ത മതിലുകള്‍ക്കിടയില്‍
ഒരുടല്‍ തകര്‍ന്ന കഷണങ്ങളുടെ
ഇനിയും നുറുങ്ങേണ്ട ചുറ്റപ്പെടലുകള്‍.
വീടുകള്‍ വീടുകള്‍ വീടുകള്‍

പോകെ പെരുവിരലില്‍ ഉടക്കി
എളുപ്പമളന്ന് അതിരുകള്‍ തുളച്ചു കേറ്റി
അകലത്തെ വലിച്ചു കീറിയുണ്ടാക്കിയ വഴികള്‍

നിന്നെ കാണാത്തതിനാല്‍ ചിരി കൊണ്ടു
മൂടിയിട്ട കരച്ചില്ലിന്റെ വിത്തുകളെ
കൊടുങ്കാറ്റിന്റെ ശാന്തതയിലേക്കഴിച്ച്
കിടത്തിയ വഴിയില്‍
ചതുപ്പുകള്‍ നിരത്തി
ചുറ്റി തിരിയുന്ന ക്ലോക്കുകള്‍

ഗദ്യത്തിന്‍റെ നെടുനീളന്‍ നിഴലുകളിലകപ്പെട്ട
പദ്യത്തിന്റെ വിടവുകളില്‍
തടഞ്ഞും നിവര്‍ന്നുമാണ്
നഗരജീവിതമെന്നായാള്‍ക്ക് നോട്ടിഫിക്കേഷന്‍ വരുന്നു.

ആഴത്തില്‍ കളഞ്ഞു പോയ പിഞ്ഞാണം
വെയിലില്‍ തപ്പാനിറങ്ങുമ്പോ
കണ്ണില്‍ തൊടുന്ന
വെട്ടത്തിന്റെ അലകളില്‍
തെളിയുന്ന ഹരണശിഷ്ടങ്ങള്‍

തട്ടി പോയ കവിതകളുടെ
ജഡം ഓര്‍മ്മയുടെ അയയില്‍ നനഞ്ഞു തുടങ്ങുന്നു

മോഷണം പോയ താഴ്വാരങ്ങളെ
കെട്ടഴിച്ചു വിട്ട പശുക്കള്‍ ഓര്‍ത്തു വെച്ചിരിക്കുവോ ?

കരയെടുത്ത തിരകള്‍
ആഴം തോണ്ടിയ മുങ്ങാംകുഴികളെ
കുമിളകുടുക്കുകളിലുടക്കി വെച്ചിരിക്കുമോ ?

മറന്നു പോയൊരു വിലാസത്തിന്‍റെ ഓര്‍മ്മയില്‍
ഞെട്ടി ഉണരാറുണ്ടാവുമോ മഷിതുള്ളികള്‍ ?

ഇടക്കാലത്ത് അറ്റുപോയ ഒറ്റക്കയ്യന്റെ
മറുകൈ പോലെ ഇപ്പോഴില്ലായെങ്കിലും
അനുഭവിക്കാനാവുന്ന
ചിലതൊക്കെ പോലെ മറ്റുചിലതുകള്‍
അയാള്‍ക്കൊപ്പം.

നനവിന്റെ അവസാന വേരുമടര്‍ത്തി
മരുഭൂമിയതിന്റെ നിത്യശൂന്യതയിലേക്ക് തിരിച്ചു പോരുന്നു.

കാണാതെ പോയ ഉമ്മകളുമായെത്തിയ
ഹിന്ദി പാട്ട് കേട്ടിട്ടും കേള്‍ക്കാത്തതുപോലെ
കടന്നുപോവുന്നു

ക്ഷീണത്തിന്‍റെ റൂഫുകളുള്ള
ഉറക്കത്തിന്‍റെ ഹള്‍ട്ടുകളിലൊക്കെയും
തള്ളവിരല്‍ ചീമ്പിയൊരു കുട്ടി നിന്ന് കൈവീശുന്നു

ചലനത്തിലകപ്പെട്ട പാട്ടുകള്‍ സ്വാഭാവിക അവസ്ഥയിലെങ്ങനെ
കേള്‍വിപ്പെടുമെന്ന് ചിന്തിച്ച്
ഉറക്കത്തിന്റെ നിശ്ചല സിദ്ധാന്തത്തിനു
പിടികൊടുത്ത് ശബ്ദങ്ങള്‍ക്കടിയില്‍ മുങ്ങികിടന്നു.

അയാളുറങ്ങിയിട്ടും രാത്രിവണ്ടി
കാത്തിരിപ്പുകളുടെ ചരക്കുവണ്ടിയായി തന്നെ തുടരുന്നു.

Powered by Blogger.