വാഴ്വേ മായം

പാതിരാത്രിയുടെ പ്രതീകാത്മകളിലേകാന്തത.





നിശബ്ദതയുടെ കല്‍തുറുങ്കില്‍
മൗനത്തിനു കാതോര്‍ത്തൊരു നിഴല്‍രൂപം.

വെളിച്ചത്തെ ചങ്ങലയ്ക്കിട്ട
സൂതാര്യതയ്ക്കപ്പുറം കാഴ്ച്ചയെ
തടവിലാക്കിയൊരു ജനാല.

വൈദ്യുതിദീപ്തിയിലാഴ്ന്ന പെരുവഴിയിലെ
സ്തംഭിച്ച കൊള്ളിയാന്‍വെട്ടത്തില്‍
ഓരിയിട്ടോടുന്ന വേട്ടക്കുരകള്‍.

ഏകാന്തതയൂറ്റി കുടിച്ചു
ഹരിതശാന്തിയിലുറങ്ങുന്ന രാപക്ഷികൂട്ടം.

രാത്രി അലയുകയാണ്
പുലരിയുടെ പ്രണയവും തേടി.

പാതിരാവിന്‍റെ മാറാല കേറിയ
മൂലയിലൊറ്റയ്ക്കിരിക്കുന്നവന്‍റെ നിസ്സംഗതയില്‍
പ്രഹരമേല്‍പ്പിച്ചു വിരസത.

മൗനത്തിന്‍റെ മുഴക്കങ്ങളില്‍ നിന്നേറെയകലെ
വിജനതയുടെ ഗിരിശിഖരത്തില്‍
തലകീഴായൊരു അസ്വസ്ഥഹൃദയം.

മുറിവുകളേറ്റ ഊഷരഹൃദയത്തില്‍
പെയ്യാനാവാതെ മഴ മടങ്ങുന്നു .

മുഖം നഷ്ട്ടപ്പെട്ട പ്രതിബിംബത്തില്‍
നിന്നു ചോരവാര്‍ന്നു തുടങ്ങുമ്പോള്‍
കൈയ്യകലത്തിലെ കസേരയില്‍
വിഷം തേച്ച കത്തിയുമായി അപരന്‍.
Powered by Blogger.