വാഴ്വേ മായം

ഒറ്റയ്ക്കിരിക്കാന്‍

വെളിച്ചമസ്തമിച്ചതിനു ശേഷം
വഴികളൊരിരുട്ടു മുറിയിലിരുന്നു തീകായുന്നു.

ഇരുട്ടുപിളര്‍ന്നു വാതിലുകള്‍ നടന്നുതുടങ്ങുമ്പോള്‍
വഴികളുടെയൊരാകാശത്തെ സിനിമാകൊട്ടക
നഗരപ്രാന്തത്തിലുപേക്ഷിക്കുന്നു.

ആരോ വരച്ചു ചേര്‍ത്ത ഭൂപടങ്ങളിലൂടെയവ ചെരിവുകളിലേക്ക് മറയും .

വറ്റിത്തീരും മുന്നേ പുഴ വീണ്ടുമൊഴുകിയെത്തും.
തോര്‍ന്നു തുടങ്ങുമ്പോഴേക്കും
കൊട്ടക വീണ്ടും പ്രസവിക്കും.

അസാന്നിദ്ധ്യത്തിന്റെയൊരു
ചുവടുപോലുമവശേഷിപ്പിക്കാതെ
ഉറങ്ങാത്ത നിഴലുകള്‍ യാത്രയിലാണ്.

ജനതയില്‍ നിന്നേകാന്തതയിലേക്കൊളിച്ചു
കടക്കാനൊരു വഴിയെത്രയോ
കാലമായി തിരയുകയാണീ നഗരം.
Powered by Blogger.