നേരത്തെയുറക്കം പിടിച്ചൊരു വൈകുന്നേരം
ദൈവത്തിന്‍റെ നെടുനീളന്‍
നടപ്പാതയില്‍ കായല്‍പ്പച്ചയ്ക്കഭിമുഖം
ഒറ്റതലമരത്തിന്‍ ചുവട്ടിലൊരു കൂട്ടം നിറങ്ങള്‍
നാടുവിട്ടകലുന്ന പക്ഷികള്‍
കൂട്ടം കൂടാത്ത വള്ളങ്ങള്‍
മുങ്ങിയും പൊങ്ങിയും കുറെയാളുകള്‍
കുരിശടിയില്‍ എന്തിനൊക്കെയോ നേര്‍ച്ചയിട്ടും
ഒരു ബോട്ടും കടന്നുവരാനിടയില്ലാത്ത ജെട്ടിയിലിരുന്ന്
കാഴ്ച്ചയെ യാത്രയാക്കി ചിത്രത്തിലങ്ങുമിങ്ങുമായി
വന്നും പോയും പിന്നേയുമാളുകള്‍
ആരുമയാളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിലേക്കൊരു
കൗതുകനോട്ടം പോലും എടുത്തെറിയുന്നുണ്ടായിരുന്നില്ല
ഒറ്റയ്ക്കൊരു ദ്വീപില്‍
ആള്‍ക്കൂട്ടത്തിനു നടുവില്‍ അയാള്‍ക്കു ചുറ്റും
പച്ചാ മഞ്ഞാ ആകാശം ഓളങ്ങള്‍ കാറ്റ്
രാത്രിയെ വിളിച്ചുണര്‍ത്തി മയങ്ങി തുടങ്ങുന്ന
സായംസന്ധ്യയെ ചായങ്ങളാല്‍ വലിച്ചിഴച്ച്
കടലാസിലേക്കിട്ടു കീഴ്പ്പെടുത്തി പിന്നെയും
നാലുപേര്‍ക്ക് കാഴ്ച്ചവെക്കാനൊരുങ്ങുന്നവനിട്ടോന്നു
പൊട്ടിക്കാന്‍ നാലുനേരം സദാചാരമൂട്ടുന്നവര്‍ക്കിടയിലാരുമില്ലാതെ പോയതേതു അധാര്‍മ്മികതയുടെ മൂല്യച്യുതി കൊണ്ടായിരിക്കാം ?