കല്‍ക്കരിവര്‍ണ്ണത്തിലെ കൗമാരവണ്ടി
മെല്ലെയനങ്ങി പാളത്തിലൂടെയിഴഞ്ഞു
തുടങ്ങിയ കാലം മുതല്‍ക്കേ
സമാന്തരതയിലൊരു കുതിരപായും
വേഗത്തില്‍ അവളുമൊപ്പമുണ്ട്.
ഘടികാരമറിയാതെയുണരുന്ന
പുലരികളിലെ ആദ്യചിന്തയില്‍
എതിര്‍ദിശയില്‍ നിന്നെന്നിലേയ്ക്കു
പാഞ്ഞുകയറി ഊര്‍ജ്ജമെല്ലാം കവര്‍ന്നെടുത്തു
ഒഴുകിമറയുന്നതും അവള്‍ തന്നെയാണ് .
പകലിന്‍റെ ഇടനെഞ്ചിലൂടെ
വിരസതമുത്തികുടിച്ചു
അപക്വമായി അപകര്‍ഷതയെപ്പറ്റി
ചിന്തിയ്ക്കുന്നതും
അവളെയോര്‍മ്മിയ്ക്കുന്നതു കൊണ്ടാണ്.
അന്തരീക്ഷമൊന്നു തണുക്കുമ്പോള്‍ ;
ശരീരം ചൂടവുന്നതും ,ചുണ്ടുകള്‍ വിറകൊള്ളുന്നതും
അവളപ്പോള്‍ എന്നിലേയ്ക്കു
പ്രവഹിയ്ക്കുന്നതു കൊണ്ടുതന്നെയാണ്.
വേനലിലും പൂക്കാത്തയെന്‍റെ
ഒറ്റത്തടികടമ്പുമരത്തില്‍ നിന്നു തെളിയുന്ന
ജലരേഖകള്‍ അവളില്‍
തന്നെയാവും അവസാനിയ്ക്കുക.
വസന്തത്തിലെ പേമാരിയ്ക്കപ്പുറം
ഉറക്കം നഷ്ട്ടപ്പെട്ട മരുഭൂമിപോലെയതു
വെന്തുരുകുന്നതിനും കാരണം അവള്‍ തന്നെയാണ്.
രാത്രി എനിയ്ക്കൊരു ദ്വീപാണ്
എനിയ്ക്കുമവള്‍ക്കുമിടയില്‍
അതിര്‍ത്തികളോ അയല്‍പക്കമോ
സ്ഥാപിപ്പിച്ചെടുക്കാത്ത മുന്തിരി ദ്വീപ്.
പാതിരാവില്‍ അവള്‍
മലയിറങ്ങുന്ന കാട്ടരുവിയും.
ഞാന്‍ കുന്നു കയറുന്ന
വെള്ളാരം കല്ലും.
അവളെ പ്രതിരോധിച്ചു ഞാന്‍
രൂപാന്തരം പ്രാപിയ്ക്കുന്നു.
എന്നെ മദിച്ചമര്‍ത്തിയൊഴുകുന്ന
കൊമ്പനാറായി അവളും .
വീണ്ടും പുലരി കിതച്ചെത്തുമ്പോള്‍
അതേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന
തനിയാവര്‍ത്തനതക്ഷകരായി
ഞങ്ങള്‍ പിന്നെയും യാത്ര തുടങ്ങുന്നു .
നാടന്‍വാറ്റിന്‍റെ തീയുള്ള ,
വോഡ്കയുടെ ചൂരുള്ള ,
ഭാംഗിന്‍റെ രസമുള്ള
ഏകാന്തതകളിലൊന്നിരുന്നു ഉന്മാദത്തിന്‍റെ
വരവുചിലവു കണക്കുകളെപ്പറ്റി ഒറ്റയ്ക്കിരുന്നു
വിധിയെഴുതുമ്പോള്‍ അവളുടെ അസാന്നിദ്ധ്യം
തീക്ഷ്ണമായ വേനല്‍ പോലെയെന്നെവന്നു വിഴുങ്ങും.
അബോധം വേരടര്‍ന്നു
കിനാവുകള്‍ ചാടികടന്നു
യാഥാര്‍ത്ഥ്യത്തിലേയ്ക്കെത്തുമ്പോള്‍
വശീകരണരുചിയുള്ളൊരു ചുബനം മാത്രം
കിടക്കയിലവള്‍ ബാക്കിവെച്ചിട്ടുണ്ടാവും.