വാഴ്വേ മായം

പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിനെ പറ്റിയല്ല !




രാത്രി മൊത്തം കാഫ്കയെ വായിക്കുകയായിരുന്നു
ഉണര്‍ന്നതൊരു കുന്നിന്‍ചെരുവായിട്ടായിരുന്നു

പുല്‍മേടെന്ന ഉപമയില്‍ മുഖം
കുറ്റിരോമങ്ങളായി പുല്ല്
പുരികത്തെ ക്ലോണ്‍ ചെയ്തു വള്ളികള്‍
സമതലത്തിലൊരു പീഠഭൂമി പോലെ മൂക്ക്
ഒഴുക്കില്ലാത്ത ഇടത്തോടു പോലെ വായുടെ വിടവ്

നോക്കി നോക്കിയിരിക്കെ നെറ്റിയില്‍ നിന്നൂര്‍ന്ന്
പഴുത്ത കാര പോലെ കവിള്‍ നിറയെ പശുക്കള്‍

തനിച്ചാക്കപ്പെട്ട നിരത്തില്‍ പിന്നേയും തൊടിപ്പുകള്‍
പശുവെന്ന ആവാസവ്യവസ്ഥയില്‍
ചെള്ള്  > പുഴു > കൊതുക് > ഈച്ച > കൊക്ക്

പിന്‍കഴുത്തിലെ നിരപ്പിലാണെന്റെ  പിറവി ,
ചെളിയുടെ മണം തിന്നാണുയിര്
ഞാനാണിവിടെയാദ്യം !
ഇതെന്‍റെ അമ്മവീടെന്നു ചെള്ള്

ഇവിടെയങ്ങനൊന്നുമില്ല ,
ആര്‍ക്കുവേണേലും കേറികിടക്കാനിടമുള്ള ദേശമാണിത് ,
അതും പറഞ്ഞെഴുതി വെച്ചൊരു പേപ്പര്‍ പോലുമുണ്ട് ,
അതെങ്ങനെ സ്കൂളില്‍ പോയാലല്ലേ ചരിത്രമറിയൂന്നു ഈച്ച

ചരിത്രത്തെ കൂട്ടുപിടിക്കുമ്പോ ചീര തിന്ന പോപ്പോയ് മാതിരി
ചീര്‍ത്തു കേറുകയാണവരുടെ ആവേശം / ആകാശം

കാറ്റ് വൈകുന്നേരങ്ങളെ സംപ്രേക്ഷണം ചെയ്യുമ്പോലെ
ഉണര്‍ന്നും താഴ്ന്നുമവരുടെ പൈതൃക (കലഹങ്ങള്‍ / കാഹളങ്ങള്‍)

കൊക്കിന് ദേശീയതയെ പറ്റിയാകുലതയില്ല ,
എന്‍റെതെന്ന സ്വാര്‍ത്ഥതയൊക്കെയമര്‍ത്തി തൊപ്പി വെച്ച
അനാര്‍ക്കി ലൈനാണ്

മറ്റുള്ളവര്‍ ചോരയനത്തുമ്പോ ചീമ്പിയ കണ്ണുള്ള സീരിയല്‍ നായികയെ പോലതിങ്ങനെ വിഷാദിച്ചിരിക്കും
- എത്ര വേണേലും കാത്തിരിക്കും

ചോര മുറ്റുന്ന നേരം മിണ്ടാതെയകത്താക്കും.
ഒച്ചപാടുകളോടും ആക്ടീവസത്തോടും മതിപ്പില്ലാത്ത
ധ്യാനബുദ്ധനാണ് . കര്‍മ്മ - കര്‍മ്മ - കര്‍മ്മ

മുറിയുന്നതവരുടെ വിഷയമല്ല.
കലഹത്തില്‍ കിണഞ്ഞു കത്തുന്നത്തിലാണ് കമ്പം.

പരുക്കന്‍ ശബ്ദമുള്ള സര്‍വേകല്ലുകളിലെ
വെളുത്തകൊത്തുകള്‍ പോലെ മരണാനന്തരം

കാത്തിരുന്നു സൈക്കിള്‍ കിട്ടിയ കുട്ടിയുടെ
ഊര്‍ജ്ജത്തില്‍ എല്ലാക്കാലവും എഴുതപ്പെടുകയാണ്
പുല്‍മേടുകളുടെ ആത്മകഥ

ഒരു രാത്രിയിരുന്ന് വായിക്കണമെന്നൊക്കെയുണ്ട് ,
മറ്റെന്തെങ്കിലുമായി വെച്ചുമാറാനോക്കുമോന്നറിയാന്‍
വായിക്കുന്നവരെയവര്‍ക്ക് പേടിയാണ് ,
ചോദ്യങ്ങളുടെ പിതൃത്വം പുസ്തകങ്ങള്‍ക്കുള്ളിലാണെന്ന ബോധമുണ്ട്

കണ്ണ് തന്നെ എടുത്തെന്നിരിക്കും ,
അല്ലെങ്കിലും ഇരുട്ടാണ്‌.
കാവലുള്ള വെളിച്ചത്തിന്‍റെ ഭാഷ
ഇരുട്ടെന്നു തന്നെയാണ്

ചിലപ്പോ രക്തസാക്ഷിയെന്നോ / ബലിദാനിയെന്നോ
'ചീത്തപേരിട്ട് ' ചുവരില്‍ കേറ്റിയുമെന്നിരിക്കും

ഏതെങ്കിലും ഒറ്റകണ്ണനിരുന്ന് മറുവായന
നടത്തണേന്നാശിച്ച് പകലുകള്‍ തോറും
ഉറക്കത്തെ തപ്പി നടക്കണമെന്നാരിക്കും.


Powered by Blogger.