വാഴ്വേ മായം

ഒരിക്കലുമങ്ങനെയൊന്നും

'ആ നേരമായപ്പോ എല്ലാം കൂടിയുരുണ്ട് കൂടി,
കാറ്റും മഴേം - പ്രകൃതി പോലും കരഞ്ഞു പോയി '

അമ്മയുടെ അമ്മ മരിച്ച രാത്രി
അമ്മയിത് പറയുമ്പോളൊരു കവിത കേട്ട പോലെയാരുന്നു.
അമ്മ ആദ്യമായി പറഞ്ഞ കവിത

ഭിത്തിയേല്‍ ചാരിയിരുന്ന് ജനലിനപ്പുറമെരിയുന്ന
ചിത നോക്കി ചീര്‍ത്തകണ്ണുമായി അമ്മയിരിക്കുമ്പോ
മടിയില്‍ കിടന്ന് കല്‍പറ്റ നാരായണന്‍റെ
കവിതയോര്‍ത്തു പോയി ;
'ഭൂമിയില്‍ ശരീരവേദന
കൊണ്ടല്ലാതെ ദുഃഖം കൊണ്ട് കരയുന്നയേര്‍പ്പാട് '- ആശ്വാസം !

കണ്ണിനു നേരെയപ്പോള്‍ കറുപ്പില്‍
കുറുകിയ കട്ടിലിന്‍റെ ത്രാസി.
അത്രമേല്‍ ശാന്തമായി സുരക്ഷിതമായാ
മടിയില്‍ കിടക്കെ എന്‍റെയമ്മ
മരിച്ചു പോയാലെന്തായിരിക്കുമെന്നാലോചിച്ചു

ബോധത്തിനപ്പോള്‍ ചതുപ്പില്‍ താഴുന്ന വെപ്രാളമായിരുന്നു.
വലിച്ചു കെട്ടിയൊരു കമ്പിയുടെ കമ്പനം പോലെ ചങ്കിടിപ്പ്
ഇരുപതിലെത്തിയിട്ടും കുരങ്ങുകളി
മാറിയില്ലന്നു കേക്കാത്ത ദിവസമില്ല.
രാവിലെ പാഞ്ഞിറങ്ങുമ്പോ മുടി ചീകുന്നതും ,
ചോറ് വാരി തരുന്നതുമമ്മയാണ്
ഇന്നുവരെയിട്ടയെല്ലായുടുപ്പും അമ്മ മേടിച്ചതാണ്.
രണ്ടുമൂന്നു ദിവസത്തിനപ്പുറം അമ്മയെ കാണാതിരുന്നാല്‍
എന്തോ പോലെയൊന്ന് വന്നുപിടികൂടി
കരച്ചിലിന് കൈമാറുന്നൊരു പ്രതിയായിരിക്കെ
ഈ ചിന്തകളൊക്കെയും മൂക്കില്‍ കോര്‍ത്ത ചൂണ്ടക്കുറ്റികളാവുന്നു

അമ്മയില്ലാതായാല്‍ ഈ കൊണ്ടുനടക്കുന്ന
നല്ല നടപ്പെല്ലാം കൊണ്ടുകളയും.
വേറാരെയുമൊന്നും ബോധിപ്പിക്കാനില്ലാത്തതുകൊണ്ടൊരു
ജിപ്സിയെ പോലെ നാടുവിട്ടേക്കാം.
കിട്ടുന്നതെല്ലാം വിറ്റുപെറുക്കി കുടിച്ചടിഞ്ഞേക്കാം

എനിക്കറിയാം ! ഈ പറയും വിധമൊന്നുമാരിക്കില്ല
ആ നേരത്തെ പ്രതികരണം.
മുന്‍വിധികള്‍ക്കും , പ്രത്യാശയ്ക്കും സ്ഥാനമില്ലാത്തൊരു
കളിസ്ഥലമാണ്‌ യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂപടം

ഒന്നുറപ്പാണ് ! അതിനപ്പുറം ഇപ്പോഴുള്ള ഞാനുണ്ടാവില്ല.
രണ്ടുപേര്‍ ഒന്നിച്ചു മരിച്ചിരിക്കും
എത്രയരുതെന്നു നിനച്ചാലും ചില നേരത്ത്
ക്രൂരമായിടപെടുന്ന പുഴുത്ത മൃഗമാണ് മനസ്സ്
ഒരിക്കലുമങ്ങനെയൊന്നും ഉണ്ടാവല്ലേന്നൊരു
തിങ്ങി നിറഞ്ഞ പ്രാര്‍ത്ഥനയിലെല്ലാം മായ്ച്ചു കളഞ്ഞ്
'ഇല്ലതായോലോന്ന ആലോചനയില്‍ തന്നെ
വിലയറിഞ്ഞ് ഉള്ള കണ്ണി'ലേക്ക് ഇറുകെ മുഖമമര്‍ത്തി കിടന്നു.

അമ്മയുമിങ്ങനെ അമ്മമ്മയുടെ മരണം ആലോചിച്ചിരിക്കാം.
ഒരിക്കലുമങ്ങനെയൊന്നും ഉണ്ടാവല്ലേന്നൊരു
പ്രാര്‍ത്ഥനയിലാ പൊള്ളുന്നയാലോചനയെ
ഇറക്കിയും വിട്ടിരിക്കാം
ഇന്നുമൊത്തം വാവിട്ടു കരഞ്ഞയാശ്വാസത്തില്‍ അമ്മയിരിക്കുന്നു.

തഴയപ്പെട്ടൊരു പ്രാര്‍ത്ഥന പോലെ
മുറ്റത്ത് രാത്രിയിരുട്ടിയും കനല്‍ തിളങ്ങുന്നു
എല്ലാരുടെയും പ്രാര്‍ത്ഥനകള്‍
കൈകൊള്ളപ്പെട്ടിരുന്നെങ്കിലെന്നാശിച്ച്
ആദ്യമായി എത്തപ്പെട്ടൊരു വൈകാരികനിലയിലങ്ങനെ
പിന്നെയെപ്പഴോ ആ ക്ലീഷേയില്‍ നിന്നിറങ്ങി
ഉറക്കത്തിലേക്കോ മറ്റോ തിരിച്ചു പോന്നു.
Powered by Blogger.